വൈറ്റില: ബസിടിച്ചു പരിക്കേറ്റ സ്കൂട്ടർ യാത്രികനെ ആശുപത്രിയില്‍ ഉപേക്ഷിച്ചു മുങ്ങി സ്വകാര്യ ബസ് ജീവനക്കാർ. കുമ്പളം കൊപ്പറമ്പില്‍ കെ.പി.രവീന്ദ്രന് (67) ആണ് ഗുരുതരമായി പരിക്കേറ്റത്.
എളംകുളം മെട്രോ സ്റ്റേഷനു സമീപം വ്യാഴാഴ്ച വൈകിട്ട് നാലരയോടെ ആയിരുന്നു സംഭവം. മത്സരയോട്ടം നടത്തി വരികയായിരുന്ന ബസുകളില്‍ ഒന്നാണ് രവീന്ദ്രനെ തട്ടിയിട്ടത്.
പിൻ ചക്രത്തിനടിയില്‍ പെടാതിരുന്നതും തൊട്ടു പിന്നാലെ വരികയായിരുന്ന കാറ് പെട്ടെന്ന് ബ്രേക്കിട്ടതും കൊണ്ടു മാത്രമാണ് ദുരന്തം ഒഴിവായത്. മറ്റു വാഹനങ്ങളിലെ യാത്രക്കാർ ശ്രദ്ധയില്‍ പെടുത്തിയതോടെ ബസ് അല്പം മുന്നിലേക്ക് മാറ്റി നിർത്തി.
ഓടിക്കൂടിയ ആളുകളാണ് രവീന്ദ്രനെയും സ്കൂട്ടറും റോഡരികിലേക്കു മാറ്റിയത്. ആശുപത്രിയില്‍ എത്തിക്കാമെന്നു പറഞ്ഞ ബസുകാർ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിക്കാതെ തൃപ്പൂണിത്തുറ ഗവ. താലൂക്ക് ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്.






