ഈരാറ്റുപേട്ട: ഭാര്യയുടെയും മകന്റെയും ജീവനെടുത്ത ഉരുള്‍പൊട്ടലില്‍ ആകെത്തകര്‍ന്ന് പയ്യാനിത്തോട്ടം മണപ്പാട്ട് ജോണി.
ഇന്നലെ പുലര്‍ച്ചെയുണ്ടായ ഉരുള്‍പൊട്ടലില്‍ ജോണിയുടെ ഭാര്യ റെജീനയും മകന് ജോസഫിനുമാണ് മരണത്തിനു കീഴടങ്ങിയത്.
ജോണിയും റെജീനയും മക്കളും സ്വരുക്കൂട്ടിയ സമ്പാദ്യത്തില്‍ നിന്ന്, ഏറെ പ്രതീക്ഷകളോടെരണ്ടു വര്‍ഷം മുമ്പു പണി പൂര്‍ത്തിയാക്കിയ വീടാണ് ഉരുളെടുത്തത്. സ്കൂള്‍ ബസ് ഡ്രൈവറായ ജോണിയുടെയും സ്കൂള്‍ ജീവനക്കാരിയായ റെജീനയുടെയും കോളജ് ഹോസ്റ്റല്‍ ജീവനക്കാരനായ ജോസഫിന്റെയും ചെറിയ സമ്പാദ്യങ്ങളുടെ ആകെത്തുകയായിരുന്നു ആ വീട്. വെള്ളിയാഴ്ച രാത്രി ആരംഭിച്ച മഴ തോരാതെ തുടര്‍ന്നതിനു പിന്നാലെ പുലര്‍ച്ചെ മൂന്നോടെയാണ് ഉരുള്‍പ്പൊട്ടലുണ്ടായത്. വീടിരുന്ന സ്ഥലം പൂര്‍ണമായും മണ്ണിനടിയിലായി.
മണ്ണും കല്ലും മരങ്ങളും മലവെള്ളവും വന്‍ശക്തിയോടെ വീടിനു മുകളിലേക്ക് ഇരച്ചെത്തുകയായിരുന്നു. അഗ്നിശമന സേനയുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ മണിക്കൂറുകളോളം നടത്തിയ തെരച്ചിലിനൊടുവിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെടുത്തത്.
ദുരന്തസമയത്ത് ജോസഫിന്റെ പിതാവും സ്കൂള്‍ ബസ് ൈഡ്രൈവറുമായ എം.ജെ. ജോണി, അയല്‍വാസി കളപ്പുരയ്ക്കല്‍പറമ്പില്‍ കുഞ്ഞുഞ്ഞിന്റെ വീട്ടില്‍ കൂട്ടുകിടക്കാന്‍ പോയിരിക്കുകയായിരുന്നു. ജോണിയുടെ ഇളയമകളായ സോമിറ്റ്, മൂത്ത സഹോദരി ജോമിറ്റിന്റെ എറണാകുളത്തെ വീട്ടിലായിരുന്നു.






