കോഴിക്കോട്: വൈദേകം റിസോര്‍ട്ട് വിവാദവുമായി ബന്ധപ്പെട്ട് സി.പി.എം നേതാവ് ഇ.പി. ജയരാജനും ഭാര്യ ഇന്ദിരയ്ക്കുമെതിരെ സമൂഹമാധ്യമങ്ങളില്‍ വന്ന പോസ്റ്റുകള്‍ വലിയ ചര്‍ച്ചയാകുന്നതിനിടയില്‍ പുതിയ വെളിപ്പെടുത്തലുമായി ശ്യാംജിത്ത് രംഗത്ത്.
ഇ.പി. ജയരാജന്റെ ഭാര്യ പണം കൈപ്പറ്റിയെന്ന രീതിയില്‍ പ്രചരിച്ച ഫേസ്ബുക്ക് പോസ്റ്റ് താനല്ലിട്ടതെന്നും തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടുകയായിരുന്നുവെന്നുമാണ് ശ്യാംജിത്ത് ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുള്ളത്.
തനിക്കെതിരെ വ്യാപകമായി ഉയരുന്ന ആരോപണങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അക്കൗണ്ട് ഹാക്ക് ചെയ്ത സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി സൈബര്‍ സെല്ലില്‍ ഔദ്യോഗികമായി പരാതി നല്‍കാനൊരുങ്ങുകയാണെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
വൈദേകം റിസോര്‍ട്ടില്‍ അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന തന്റെ ഭാര്യ ദീപ യാതൊരുവിധ സാമ്പത്തിക തട്ടിപ്പും നടത്തിയിട്ടില്ലെന്ന് ശ്യാംജിത്ത് ഉറപ്പിച്ചുപറയുന്നു. തികച്ചും നിയമവിരുദ്ധമായ രീതിയിലാണ് അവരെ ജോലിയില്‍ നിന്ന് പുറത്താക്കിയതെന്നും, ഇതിന് പിന്നില്‍ റിസോര്‍ട്ട് മാനേജ്മെന്റിന്റെ പ്രതികാര നടപടിയാണുള്ളതെന്നും അദ്ദേഹം ആരോപിക്കുന്നു.
ലേബര്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ നിര്‍ദ്ദേശപ്രകാരമാണ് ജീവനക്കാരുടെ ബോണസ് വിതരണവും പര്‍ച്ചേസ് വൗച്ചറുകളുമായി ബന്ധപ്പെട്ട ക്രമീകരണങ്ങളും നടത്തിയത്. മാനേജ്മെന്റിന്റെ നേരിട്ടുള്ള നിര്‍ദ്ദേശപ്രകാരമാണ് ഈ നടപടികള്‍ സ്വീകരിച്ചിട്ടുള്ളത് .അല്ലാതെ, മാധ്യമങ്ങളില്‍ പ്രചരിക്കുന്നതുപോലെ വ്യാജ വൗച്ചറുകള്‍ ചമച്ചെന്ന ആരോപണങ്ങളില്‍ യാതൊരു സത്യവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി
ജീവനക്കാര്‍ക്ക് അര്‍ഹമായ ബോണസ് നല്‍കണമെന്ന് ലേബര്‍ ഡിപ്പാര്‍ട്ട്മെന്റ് കര്‍ശനമായി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മാനേജ്മെന്റ് ഇതിന് തയ്യാറാകാതിരുന്ന സാഹചര്യത്തിലാണ് എല്ലാവര്ക്കും 5000 രൂപ വൗച്ചര്‍ ചെയ്ത് ബാക്കി തുക ബാങ്ക് അക്കൗണ്ടുകളിലൂടെ നല്കാന് തീരുമാനിച്ചതെന്നും ശ്യാംജിത്ത് വിശദീകരിക്കുന്നു. ഈ ന്യായമായ നടപടിയെയാണ് ഇപ്പോള്‍ ചിലര്‍ വ്യാജ വൗച്ചറാണെന്ന് തെറ്റായി പ്രചരിപ്പിക്കുന്നത്.
സ്ഥാപനത്തിലേക്ക് സാധനങ്ങള്‍ വാങ്ങാനായി പോകുന്നവര്‍ക്ക് പണം നല്കുന്ന സമയത്ത് വൗച്ചറെഴുതി വയ്ക്കുന്നത് സാധാരണ നടപടിക്രമം മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. സ്ഥാപനത്തിനുള്ളിലെ ഇത്തരം അശാസ്ത്രീയമായ നടപടികളെയും ക്രമക്കേടുകളെയും താന്‍ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യമാണ് തനിക്കെതിരെയുള്ള വ്യാജ പ്രചാരണങ്ങള്‍ക്ക് പിന്നിലെന്നും അദ്ദേഹം സംശയിക്കുന്നു.
സ്ഥാപനത്തിലെ നടപടികളെയും തെറ്റായ പ്രവണതകളെയും ചോദ്യം ചെയ്തതിന്റെ പേരില്‍ മുന്‍ എം.എല്‍.എ ജെയിംസ് മാത്യൂ തന്നെ നേരിട്ട് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതായും ശ്യാംജിത്ത് ഗുരുതരമായ ആരോപണം ഉന്നയിച്ചിട്ടുണ്ട്. 'ഈ പോക്ക് അത്ര ശരിയല്ലെന്നും വലിയ വില കൊടുക്കേണ്ടി വരുമെന്നും' ജെയിംസ് മാത്യൂ തനിക്ക് മുന്നറിയിപ്പ് നല്‍കിയതായി അദ്ദേഹം മാധ്യമങ്ങളോട് വെളിപ്പെടുത്തി. തളിപ്പറമ്പിലെ മുന്‍ സിപിഎം എംഎല്‍എയായിരുന്നു ജെയിംസ് മാത്യു
വൈദേകം റിസോര്‍ട്ടുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന കാര്യങ്ങള്‍ക്ക് പുറമെ മറ്റ് ചില സാമ്പത്തിക ക്രമക്കേടുകള്‍ കൂടി നടക്കുന്നുണ്ടെന്ന സൂചനയും ശ്യാംജിത്ത് നല്‍കിയിട്ടുണ്ട്. റിസോര്‍ട്ടിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ ഇതിനോടകം തന്നെ പരാതികള്‍ പോലീസിന്റെ മുന്നില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.
പോലീസ് നടത്തുന്ന തുടര്‍ന്നുള്ള അന്വേഷണങ്ങളിലൂടെ റിസോര്‍ട്ടുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങളില്‍ വ്യക്തത വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആരോപണങ്ങളും പ്രത്യാരോപണങ്ങളും ശക്തമാകുന്നതോടെ തളിപ്പറമ്പിലെ രാഷ്ട്രീയ വൃത്തങ്ങളിലും ഈ വിഷയം വലിയ ചര്‍ച്ചാവിഷയമായി മാറിക്കഴിഞ്ഞു






