കണ്ണൂർ: പാർട്ടി തെറ്റുകള്‍ തിരുത്തി മുന്നോട്ടുവരുന്നതിന്റെ ജനപ്രതികരണമാണ് തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ ഉണ്ടായതെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.
ജയരാജൻ. നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വിയെക്കുറിച്ച് പാർട്ടി നേതൃത്വം തുറന്ന് പറഞ്ഞ കാര്യങ്ങള്‍ ജനങ്ങള്‍ അംഗീകരിച്ചതായാണ് മനസ്സിലാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം മാത്രമാണ് കാര്യങ്ങള്‍ സത്യസന്ധമായി തുറന്നുപറയുന്നതെന്നും നിലവിലെ രാഷ്ട്രീയ സാഹചര്യം ഇടതുപക്ഷത്തിന് അനുകൂലമാണെന്നും ഇ.പി. ജയരാജൻ പറഞ്ഞു. പാർട്ടിയുടെ നയത്തെ അനുകൂലിക്കുന്നവർക്ക് സിപിഎമ്മിലേക്ക് വരാം. എന്നാല്‍ പാർട്ടി വിട്ടുപോയവരുടെ പിന്നാലെ നടക്കുന്ന പ്രസ്ഥാനമല്ല സിപിഎമ്മെന്നും അദ്ദേഹം വ്യക്തമാക്കി.
പാർട്ടി വിട്ടുപോയവർ സ്വന്തം വഴി തീരുമാനിക്കട്ടെയെന്നും ഇ.പി. ജയരാജൻ പറഞ്ഞു. പയ്യന്നൂരിലെയും തളിപ്പറമ്പിലെയും പ്രശ്നങ്ങള്‍ പ്രാദേശിക വിഷയങ്ങളാണ്. അതിനെ ദേശീയതലത്തിലുള്ള പ്രശ്നമായി കാണേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.






