ഡല്‍ഹി: പിൻവലിക്കല്‍ നിയമങ്ങള്‍ ലഘൂകരിച്ച് ഇപിഎഫ്ഒ. സിസ്റ്റമാറ്റിക് പിൻവലിക്കല്‍ പദ്ധതിയ്ക്ക് അംഗീകാരം നല്കി ഇപിഎഫ്ഒ ബോർഡ് ഓഫ് ട്രസ്റ്റീസ്.
വിരമിക്കുന്ന EPF അംഗങ്ങള്‍ക്ക് ഗഡുക്കളായി പിഎഫ് സമ്പാദ്യം പിൻവലിക്കാം. ഭാഗിക പിൻവലിക്കല്‍ പരിധി 75% ല്‍ നിന്ന് 90% ആയി ഉയർത്തി. 55 വയസ്സിന് താഴെയുള്ള അംഗങ്ങള്‍ക്കാണ് ഇത് ബാധകമാകുക. ചികിത്സ, വിവാഹം, ഭവന നിർമ്മാണം എന്നിവയ്ക്കായി ഫണ്ട് ഉപയോഗിക്കാം. ജോലി വിട്ടശേഷം രണ്ടുമാസം പൂർത്തിയാക്കിയാല്‍ ഫണ്ട് പിൻവലിക്കാം.
പേഔട്ട് കാലയളവില്‍ അംഗം മരിച്ചാല്‍, നോമിനിക്ക് ശേഷിക്കുന്ന ബാലൻസ് പിൻവലിക്കാനോ ആനുകാലിക പേയ്മെന്റുകള്‍ തുടർന്നും ലഭിക്കാനോ കഴിയും. വിരമിക്കല്‍ സമ്പാദ്യം സ്ഥിരം വരുമാന സ്രോതസ്സായി മാറ്റാൻ സഹായിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ആദ്യഘട്ടത്തില്‍ 55 വയസ്സിനു മുകളിലുള്ള ഏകദേശം 6.3 ലക്ഷം അംഗങ്ങള്‍ക്ക് ഈ പ്രയോജനം ലഭിക്കും.
പ്രാരംഭ ഘട്ടത്തില്‍ നിലവിലുള്ള ഇപിഎഫ്ഒ വരിക്കാരില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനം. ഇപിഎഫ്ഒയുടെ ആഭ്യന്തര കണക്കുകള്‍ പ്രകാരം, ഈ നിർദേശം അംഗീകരിക്കപ്പെട്ടാല്‍ 55 വയസിന് മുകളിലുള്ളതും അഞ്ച് ലക്ഷം രൂപയിലധികം പ്രൊവിഡന്റ് ഫണ്ട് നിക്ഷേപമുള്ളതുമായ ഏകദേശം 6.32 ലക്ഷം ഇപിഎഫ് അംഗങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കാൻ സാധ്യതയുണ്ട്.
കൂടാതെ, ഗിഗ് തൊഴിലാളികളെയും അസംഘടിത മേഖലയിലെ ജീവനക്കാരെയും ഉള്‍ക്കൊള്ളുന്നതിനായി തേർഡ്-പാർട്ടി മൈക്രോ കോണ്ട്രിബ്യൂഷനുകള് അവതരിപ്പിക്കാനും ഇപിഎഫ്ഒ നിർദേശിക്കുന്നുണ്ട്. ഇതിലൂടെ ടിപ്പുകള്‍, സമ്മാനങ്ങള്‍, ഗ്രാറ്റിവിറ്റികള്, സമാനമായ മറ്റ് പേയ്മെന്റുകള്‍ തുടങ്ങിയ ചെറിയ വിഹിതങ്ങള്‍ യൂണിവേഴ്സല്‍ അക്കൗണ്ട് നമ്പറുമായി ബന്ധിപ്പിച്ച ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനങ്ങള്‍ വഴി നേരിട്ട് ഇപിഎഫ് അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കാൻ സാധിക്കും.
അസംഘടിതവും ആകസ്മികവുമായ വരുമാന സ്രോതസുകളെ ദീർഘകാല വിരമിക്കല്‍ സമ്പാദ്യമാക്കി മാറ്റാൻ ഇത് സഹായിക്കുമെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. ഗിഗ് തൊഴിലാളികള്‍, പ്ലാറ്റ്ഫോം തൊഴിലാളികള്‍, നിർമ്മാണത്തൊഴിലാളികള്‍, വീട്ടുജോലിക്കാർ, തെരുവുകച്ചവടക്കാർ, വീടുകളില്‍ ഇരുന്ന് ജോലി ചെയ്യുന്നവർ, മറ്റ് അസംഘടിത തൊഴിലാളികള്‍ എന്നിവർക്ക് സാമൂഹിക സുരക്ഷാ പരിരക്ഷയും വിരമിക്കല്‍ സമ്പാദ്യവും ഉറപ്പാക്കുന്നതിനായി പദ്ധതി വ്യാപിപ്പിക്കാനുള്ള സാധ്യതകള്‍ ഉള്‍ക്കൊള്ളിച്ചാണ് നിർദിഷ്ട എസ്ഡബ്ല്യുപി പദ്ധതിയുടെ ഘടന രൂപകല്‍പ്പന ചെയ്യുന്നതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.






