നെയ്യാർഡാം: അഗസ്ത്യവനത്തില്‍ കാട്ടാന ചരിഞ്ഞു.
കുറ്റിച്ചല്‍ പഞ്ചായത്തിലെ നെയ്യാർ വന്യജീവി സങ്കേതത്തില്‍ വരുന്ന അണകാല്‍ സെറ്റില്‍മെന്റിലാണ് കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.
സെറ്റില്‍മെന്റിലെ താമസക്കാരാണ് കാട്ടാനയുടെ ജഡം കണ്ടത്.
തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു. അധികൃതർ സ്ഥലത്തെത്തി തുടർനടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
ആനയുടെ മരണകാരണം വ്യക്തമല്ല. ഇതിനായുള്ള നടപടികള്‍ വനംവകുപ്പിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്.
പുറംനാട്ടില്‍ നിന്നും 20 കി.മീ അകലെയാണ് അണകാല്‍ ആദിവാസി സെറ്റില്‍മെന്റ്. കുറച്ചുനാളുകളായി ജനങ്ങള്‍ക്കു ഭീഷണിയായി മാറിയിരുന്നതാണ് ഈ കാട്ടാനയെന്ന് ആദിവാസികള്‍ വ്യക്തമാക്കി.
പ്രദേശത്തെ കൃഷി വിളകള്‍ വ്യാപകമായി നശിപ്പിച്ചും വീടുകള്‍ക്ക് കേടുപാടുകള്‍ വരുത്തിയും നടന്നിരുന്ന കാട്ടാനയാണിതെന്നും ആദിവാസികള്‍ പറയുന്നു. ആനയുടെ നിരന്തരമായ സാന്നിധ്യം സെറ്റില്‍മെന്റിലെ ജനങ്ങളുടെ ദൈനംദിന ജീവിതത്തെയും ബാധിച്ചിരുന്നു. രാത്രികാലങ്ങളില്‍ പുറത്തിറങ്ങുന്നതിനും കൃഷിയിടങ്ങളിലേക്കു പോകുന്നതിനും കഴിയാത്ത സാഹചര്യവുമുണ്ടായിരുന്നു.
അതിനിടെ, സെറ്റില്‍മെന്റിലെ ജനങ്ങള്‍ നേരിടുന്ന വന്യമൃഗശല്യവും മറ്റു പ്രയാസങ്ങളും നേരിട്ടു മനസിലാക്കുന്നതിനായി പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, വാർഡ് മെമ്പർ എന്നിവരടങ്ങിയ ജനപ്രതിനിധി സംഘം സ്ഥലം സന്ദർശിച്ചു. പ്രശ്നങ്ങളും ആശങ്കകളും വകുപ്പിന്റെ ശ്രദ്ധയില്പ്പെടുത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് സംഘം അറിയിച്ചു.






