പത്തനംതിട്ട: ളാഹ ചെമ്പങ്കരയില് റബർ ടാപ്പിംഗിന് പോയവരെ കാട്ടാന ഓടിച്ചു.
രണ്ടു പേർക്ക് വീണ് പരിക്കേറ്റു. ളാഹയിലെ തോട്ടം ഉടമ പെരുനാട് സ്വദേശി സലാഹുദ്ദീനും ടാപ്പിംഗ് തൊഴിലാളി ചിറ്റാർ മണക്കയം അൻസിയ മൻസില്‍ ഷാമിനും (50) ആണ് പരിക്കേറ്റത്.
ഷാമിന്റെ ഇടതുകാലിന് പൊട്ടലുണ്ട്. ഇരുവരെയും പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സനല്‍കി വിട്ടയച്ചു.
ഇന്നലെ രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം. എച്ച്.എൻ.എല്ലിന്റെ കൈതതോട്ടത്തിന് സമീപത്തെ റോഡില്‍ സ്കൂട്ടർ വച്ച ശേഷം ഇരുവരും നടന്ന് റബർത്തോട്ടത്തിലേക്ക് പോകുമ്പോഴാണ് കാട്ടാന പാഞ്ഞടുത്തത്.
തിരിഞ്ഞോടുന്നതിനിടയാണ് വീണ് പരിക്കേറ്റത്. കൈതത്തോട്ടത്തില്‍ നിന്നുവന്ന ഒറ്റയാൻ ആക്രമിക്കാൻ എത്തുകയായിരുന്നുവെന്ന് സലാഹുദീനും ഷാമും പറഞ്ഞു.
ഷാമിന്റെ പുറത്തുണ്ടായിരുന്ന ബാഗില്‍ ആന കുത്താൻ ശ്രമിച്ചു. ഓടുന്നതിനിടെ ഷാം തോട്ടത്തിലെ വേലിയില്‍ കുടുങ്ങി കൈതക്കാട്ടിലേക്ക് വീഴുകയായിരുന്നു.
ഇരുവരും വലിയ ശബ്ദം ഉണ്ടാക്കിയതോടെ ആന പിൻതിരിഞ്ഞത് ദുരന്തം വഴിമാറാൻ കാരണമായി. ളാഹ അമ്മൻകോവില്‍ ക്ഷേത്രത്തിന് സമീപത്തുനിന്നും ചെമ്പങ്കര ഉന്നതിയിലേക്ക് പോകുന്ന വഴിയിലെ മുസ്ലിം ദേവാലയത്തിന് സമീപത്താണ് കാട്ടാന ആക്രമണം നടന്നത്.






