തിരുവനന്തപുരം: പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡിനെത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ഏഴ് സിപിഎം പ്രവർത്തകരുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ കോടതി തള്ളി.
കേസില്‍ 10 പ്രതികളുടെ ജാമ്യാപേക്ഷ നേരത്തെ തന്നെ കോടതി തള്ളിയിരുന്നു.
സിപിഎം പ്രവർത്തകരായ ശ്രീജിത്ത്, ദിനീത്, അമല്‍, ഷൈജു സലിം, അനില്‍കുമാർ, നിഷാദ്, ദിനകർ എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി ഇത്തവന നിരസിച്ചത്. പ്രതികള്‍ 50 ദിവസത്തിലധികമായി ജയിലില്‍ തുടരുകയാണെന്നും വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയെങ്കിലും അന്വേഷണസംഘത്തിന് തക്കതായ തെളിവുകള്‍ ഹാജരാക്കാൻ കഴിഞ്ഞിട്ടില്ലെന്നും പ്രതിഭാഗം വാദിച്ചെങ്കിലും കോടതി ഇത് അംഗീകരിച്ചില്ല.
പ്രതികള്‍ക്ക് ഇപ്പോള്‍ ജാമ്യം അനുവദിക്കുന്നത് തുടരന്വേഷണത്തെ ബാധിക്കുമെന്ന് സ്പെഷല്‍ പ്രോസിക്യൂട്ടർ എ. സന്തോഷ് കുമാർ കോടതിയെ അറിയിച്ചു. ഔദ്യോഗിക കൃത്യനിർവഹണത്തിനായി എത്തിയ കേന്ദ്ര അന്വേഷണ ഏജൻസി ഉദ്യോഗസ്ഥരെ ആക്രമിക്കുന്നത് വളരെ ഗൗരവകരമായ കുറ്റകൃത്യമായി കാണണമെന്ന് ഇഡിയുടെ അഭിഭാഷകനും വാദിച്ചു. കേസിന് മുൻപ് ബംഗാളിലാണ് സമാനമായ രീതിയില്‍ ഇഡി ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം ഉണ്ടായതെന്നും, അന്ന് കേസില്‍ പ്രതിയായ ഉന്നത രാഷ്ട്രീയ നേതാവ് ഇപ്പോഴും ജയിലിലാണെന്നും പ്രോസിക്യൂട്ടർ കോടതിയില്‍ വ്യക്തമാക്കി.






