തലയോലപ്പറമ്പ് : മറവൻതുരുത്ത്ഇടവട്ടം വാക്കയിൽ ക്ഷേത്രത്തിന് സമീപത്തെ മുല്ലക്കേരി ഇല്ലത്തു നിന്നും ലോഹ വിഗ്രഹവും ഓട്ടുരുളികളും വിളക്കുകളും മോഷ്ടിച്ച കേസിലെ പ്രതിയെ പോലീസ് തെളിവെടുപ്പ് നടത്തി.
തലയോലപറമ്പ് കിഴക്കേപ്പുറം നടുത്തുരുത്തേൽ വിഷ്ണുതിലക(30)നെയാണ് പോലീസ് തെളിവെടുപ്പിനായി കഴിഞ്ഞ് 3.45 ഓടെ ഇല്ലത്ത് കൊണ്ടുവന്നത്.
ഇല്ലത്തിൻ്റെ പിറകു ഭാഗത്ത് ഓടു പൊളിച്ച് മോഷ്ടാക്കൾ അകത്തുകയറിയ രീതി വിഷ്ണു തിലകൻ പോലീസിനോടു വിവരിച്ചു.
ഇല്ലത്തെ തെളിവെടുപ്പിനുശേഷം മോഷണവസ്തുക്കൾ വിറ്റ തലയോലപറമ്പിലെ ആക്രിക്കടയിലും മോഷ്ടാവുമായി പോലീസ് എത്തി തെളിവെടുത്തു.
തുടർന്ന് ഇയാളുടെ തലയോലപറമ്പിലെ വീടിനടുത്തുള്ള കലുങ്കിനു താഴെ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് ഒളിപ്പിച്ചിരുന്ന ലോഹ വിഗ്രഹവും പ്രതിയുമായി എത്തി പോലീസ് കണ്ടെടുത്തു.
ഉച്ചയ്ക്ക് 12ഓടെ പ്രതി വൈക്കം കോടതിയിൽ കീഴടങ്ങുകയായിരുന്നു.
മോഷണ വസ്തുകൾ ആക്രിക്കടയിൽ വിറ്റത് ഇയാളാണെന്ന് കണ്ടെത്തി. പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരുന്നതിനിടയിലാണ് ഇയാൾ കോടതിയിലെത്തി കീഴടങ്ങിയത്.
തലയോലപറമ്പ് സ്റ്റേഷനിൽ ഇയാൾക്കെതിരെ മോഷണത്തിനടക്കം അഞ്ചു കേസും വൈക്കം സ്റ്റേഷനിൽ രണ്ടും കേസുകളുണ്ടെന്നും 2023 ൽ തലയോലപറമ്പിൽ വയോധികയെ ആക്രമിച്ചതിനും കടുത്തുരുത്തി എക്സൈസിലും ഇയാൾക്ക് എതിരെ കേസുണ്ടെന്ന് പോലീസ്.
ഇല്ലം മോഷണ കേസിൽ മറ്റു രണ്ടുപേർ കൂടിയുണ്ടെന്നും ഇയാളെ ചോദ്യം ചെയ്ത ശേഷം മറ്റു പ്രതികളെക്കുറിച്ചും വിവരം ലഭിക്കുമെന്നാണ് കരുതുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പി.എസ് സുധീരൻ പറഞ്ഞു.
ഇടവട്ടം മുല്ലക്കേരിൽ എം. എൻ.ശ്രേയസിൻ്റെ രണ്ടു നൂറ്റാണ്ടിനു മുകളിൽ പഴക്കമുള്ള ഇല്ലത്താണ് മോഷണം നടന്നത്.
പുരാതനമായ ഇല്ലത്ത് നിന്നും ലക്ഷങ്ങൾ വിലവരുന്ന ഓട്ടു പാത്രങ്ങളും, ഇല്ലത്തെ ക്ഷേത്രത്തിലെ പുരാതനമായ ശാസ്താവിൻ്റെ വിഗ്രഹവുമാണ് മോഷ്ടാക്കൾ അപഹരിച്ചത്.
ഇല്ലത്തിനു പുറകവശത്തെ ഓടു പൊളിച്ച് അകത്തു കയറിയ ശേഷം വീടിൻ്റെ അടുക്കളയുടെ കതകു തുറന്നാണ് മോഷണം നടത്തിയത് .
വീടിന് സമീപത്തുകൂടി ഉരുളിയുമായി പരിചയമില്ലാത്ത ഒരാൾ പോകുന്നത് കണ്ട്
സംശയം തോന്നിയ നാട്ടുകാരൻ ചോദിച്ചതോടെ ഉരുളി പറമ്പിൽ ഉപേക്ഷിച്ച് ഇടവഴിയിലൂടെ ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു.
തുടർന്നുള്ള അന്വേഷണത്തിലാണ് മോഷണ വിവരം അറിയുന്നത്.






