തിരുവനന്തപുരം: എ.ഐ ക്യാമറയില്‍ പതിഞ്ഞ നിയമലംഘനങ്ങള്‍ക്ക് ലഭിക്കുന്ന പിഴ നോട്ടീസുകള്‍ കുടുംബ കലഹങ്ങള്‍ക്ക് ഇടയാക്കിയെന്ന പരാതികളുടെ പശ്ചാത്തലത്തില്‍ ഇ-ചെല്ലാൻ പോർട്ടലില്‍ മാറ്റം വരുത്തി.
ഇനി എ.ഐ ക്യാമറ പകർത്തിയ നിയമലംഘനങ്ങളുടെ ചിത്രങ്ങള്‍ വാഹന ഉടമയുടെ അനുമതിയോടെ മാത്രമേ പരിശോധിക്കാൻ കഴിയൂ. ഇതിനായി വാഹനത്തിന്റെ രജിസ്ട്രേഷൻ വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ ആവശ്യമായി വരും. പിഴ ചുമത്തിയതായി അറിയിക്കുന്ന എസ്.എം.എസിലെ ചെല്ലാൻ നമ്പർ ഉപയോഗിച്ചും പിഴയുടെ വിശദാംശങ്ങള്‍ പരിശോധിക്കാനാകും.
എ.ഐ ക്യാമറ പകർത്തുന്ന ചിത്രങ്ങളിലെ സ്വകാര്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിയന്ത്രണം ഏർപ്പെടുത്തിയത്. നേരത്തെ വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ കൈവശമുണ്ടെങ്കില്‍ ഏത് വാഹനത്തിന്റെയും പിഴ വിവരങ്ങള്‍ പരിശോധിക്കാനും നിയമലംഘനങ്ങളുടെ ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാനും സാധിച്ചിരുന്നു.
എന്നാല്‍, ഇത്തരം ചിത്രങ്ങള്‍ ചിലർ ദുരുപയോഗം ചെയ്ത പശ്ചാത്തലത്തിലാണ് നിയന്ത്രണം കൊണ്ടുവന്നത്. പ്രത്യേകിച്ച് സ്ത്രീകളുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങളുടെ പിഴ വിവരങ്ങള്‍ തിരയുകയും അതുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്ത സംഭവങ്ങള്‍ പരാതിക്ക് ഇടയാക്കിയിട്ടുണ്ട്.
കണ്ട്രോള് റൂമുകളില്‍നിന്ന് അയയ്ക്കുന്ന നിയമലംഘനങ്ങളുടെ ചിത്രങ്ങള്‍ ചില കുടുംബങ്ങളില്‍ അസ്വാരസ്യങ്ങള്‍ക്കും കാരണമായിരുന്നു. സിനിമയില്‍ കാണുന്ന തരത്തിലുള്ള സാഹചര്യങ്ങളെ അടിസ്ഥാനമാക്കി, സീറ്റ് ബെല്‍റ്റ് ധരിക്കാതെ യാത്ര ചെയ്തതിന്റെ ചിത്രമുള്ള പിഴ നോട്ടീസ് കുടുംബാംഗങ്ങള്‍ക്ക് ലഭിക്കുന്നതിനെ തുടർന്നുണ്ടാകുന്ന പ്രശ്നങ്ങള്‍ പോലും ഇതിവൃത്തമാകുന്നുണ്ട്. ഇത്തരം സാഹചര്യങ്ങള്‍ പല കുടുംബങ്ങളിലും ഉണ്ടായ പശ്ചാത്തലത്തിലാണ് ചിത്രങ്ങളുടെ സ്വകാര്യത സംരക്ഷിക്കാൻ തീരുമാനിച്ചത്.
വാഹനങ്ങളെ സ്വകാര്യ ഇടമായി കണക്കാക്കാമെങ്കിലും പൊതുസ്ഥലത്ത് നടക്കുന്ന നിയമലംഘനങ്ങള്‍ പകർത്താൻ കേന്ദ്രാനുമതിയുണ്ടെന്നാണ് വ്യക്തമാക്കുന്നത്. അതേസമയം, സ്വകാര്യത സംരക്ഷിക്കണമെന്ന വ്യവസ്ഥയും നിലനില്ക്കുന്നു.
എന്നാല്‍, പിഴ ചുമത്തുന്നതിലെ പോരായ്മകള്‍ കണ്ടെത്തുന്നതിനും പരിശോധിക്കുന്നതിനും ചിത്രങ്ങള്‍ ആവശ്യമായതിനാല്‍ അവ പൂർണമായും രഹസ്യമാക്കാൻ കഴിയില്ല. നിയമലംഘനം നടത്തിയെന്ന കാര്യം വാഹന ഉടമയെ ബോധ്യപ്പെടുത്തേണ്ടതുണ്ടെന്നും അധികൃതർ വ്യക്തമാക്കുന്നു.
വ്യാജ നമ്പർ പ്ലേറ്റുകള്‍ ഉപയോഗിച്ച് ചില വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നതിനാല്‍ വീട്ടില്‍ കിടക്കുന്ന വാഹനങ്ങള്‍ക്കുപോലും പിഴ നോട്ടീസ് ലഭിക്കുന്ന സാഹചര്യങ്ങളുണ്ട്. പിഴ ചുമത്തിയതുമായി ബന്ധപ്പെട്ട് പരാതിയുണ്ടെങ്കില്‍ ഗതാഗത വകുപ്പ് നല്‍കിയിരിക്കുന്ന ഇ-ചെല്ലാൻ പരാതിപരിഹാര സംവിധാനത്തിലൂടെ പരാതി നല്‍കാം.






