പാലക്കാട്: ഗ്രാമപ്പഞ്ചായത്തിൽ വ്യാജ സർട്ടിഫിക്കറ്റ് നൽകി തൊഴിലുറപ്പ് പദ്ധതിയുടെ അക്കൗണ്ടന്റ്-കം-ഐ.ടി. അസിസ്റ്റന്റായി ജോലിചെയ്ത ഡിവൈഎഫ്ഐ മുൻ യൂണിറ്റ് സെക്രട്ടറിയ്ക്കെതിരെ കേസ്.
പുതുക്കോട് കിഴക്കേഗ്രാമം സ്വദേശി കെ.വി. ഗണപതിയുടെ പേരിലാണ് വടക്കഞ്ചേരി പോലീസ് വഞ്ചനക്കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്തത്. ഡിവൈഎഫ്ഐ പുതുക്കോട് അഞ്ചുമുറി യൂണിറ്റ് സെക്രട്ടറിയായിരുന്നു ഗണപതി.
2021 ജൂലായ് മുതൽ 2026 ജൂലായ് വരെയാണ് ഗണപതി പുതുക്കോട് പഞ്ചായത്തിൽ കരാറടിസ്ഥാനത്തിൽ ജോലിചെയ്തത്. കാലിക്കറ്റ് സർവകലാശാലയിൽനിന്നുള്ള ബി.കോം. ബിരുദത്തിന്റെ മാർക്ക് ലിസ്റ്റാണ് യോഗ്യതയായി ഗണപതി സമർപ്പിച്ചത്.
എൽഡിഎഫാണ് അന്ന് പഞ്ചായത്ത് ഭരിച്ചിരുന്നത്. ഇത്തവണ യുഡിഎഫ്. അധികാരത്തിലെത്തിയപ്പോൾ ഗണപതിയുടെ കരാർ പുതുക്കിയില്ല. തുടർന്ന്, ഗണപതി ഹൈക്കോടതിയെ സമീപിച്ചു. 2026 സെപ്റ്റംബർവരെ ജോലിനൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. സർവകലാശാലയിൽനിന്നുള്ള സർട്ടിഫിക്കറ്റോ പ്രൊവിഷണൽ സർട്ടിഫിക്കറ്റോ ആണ് യോഗ്യതയ്ക്കായി സാധാരണ സ്വീകരിക്കാറുള്ളത്. മാർക്ക് ലിസ്റ്റ് നൽകിയതിൽ സംശയംതോന്നിയ പഞ്ചായത്തധികൃതർ ഗണപതിയുടെ മാർക്ക് ലിസ്റ്റ് പരിശോധനയ്ക്കായി സർവകലാശാലയിലേക്ക് അയച്ചു. മാർക്ക് ലിസ്റ്റ് വ്യാജമാണെന്നും ഗണപതി ബിരുദം പാസായിട്ടില്ലെന്നും സർവകലാശാല അറിയിച്ചതോടെ പുതുക്കോട് പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി വി. ദീപ വടക്കഞ്ചേരി പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
ഇതോടെ ഗണപതി രാജിസമർപ്പിച്ചു. ഗണപതിയെ കണ്ടെത്താനായിട്ടില്ലെന്ന് വടക്കഞ്ചേരി പോലീസ് പറഞ്ഞു. പരാതിയുയർന്നപ്പോൾത്തന്നെ സ്ഥാനത്തുനിന്നും സി.പി.എമ്മിൽനിന്നും പുറത്താക്കിയതായി നേതൃത്വം അറിയിച്ചു.






