കൊച്ചി: കൊച്ചിയിലേക്ക് ഒഴുകുന്ന കിലോക്കണക്കിന് മാരക രാസലഹരിയുടെ ഉറവിടങ്ങള്‍ പഞ്ചാബിലെയും രാജസ്ഥാനിലെയും പാകിസ്ഥാൻ അതിർത്തി ഗ്രാമങ്ങളില്‍ നിന്നാണെന്ന് തേടിയുള്ള എക്സൈസ് അന്വേഷണത്തില്‍ കണ്ടെത്തല്‍.
കൊച്ചിയില്‍ അടുത്തിടെ പിടിയിലായ ലഹരി സംഘങ്ങളിലെ പ്രധാനികളുടെ ഫോണ്‍ വിവരങ്ങളും മൊബൈല്‍ ടവർ ലൊക്കേഷനുകളും കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് റാക്കറ്റിന്റെ കേന്ദ്രങ്ങളെക്കുറിച്ച് വിവരം ലഭിച്ചത്. അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘങ്ങളുമായി നേരിട്ട് ബന്ധമുള്ള പ്രദേശവാസികളുമായി അടുപ്പം സ്ഥാപിച്ചാണ് മലയാളി സംഘങ്ങള്‍ കൊച്ചിയിലേക്ക് എം.ഡി.എം.എ ഉള്‍പ്പെടെ രാസലഹരികള്‍ എത്തിക്കുന്നത്.
ഇന്ത്യ-പാകിസ്ഥാൻ അതിർത്തി പ്രദേശങ്ങളില്‍ നിന്ന് വളരെ കുറഞ്ഞ വിലയ്ക്ക് നേരിട്ട് രാസലഹരി ലഭിക്കുമെന്നതാണ് ലഹരി മാഫിയയെ ഇത്തരം മേഖലകളിലേക്ക് അടുപ്പിക്കുന്നത്. ഡ്രോണുകള്‍ വഴിയും രഹസ്യ ടണല്‍ വഴിയും മറ്റും അതിർത്തി കടന്നെത്തുന്ന മാരക ലഹരിവസ്തുക്കള്‍ രാജസ്ഥാനിലെയും പഞ്ചാബിലെയും ഏജന്റുമാർ പ്രാദേശികമായി സംഭരിച്ചുവയ്ക്കുകയാണ് ചെയ്യുന്നത്. ഇടനിലക്കാരെ ഒഴിവാക്കി കേന്ദ്രങ്ങളില്‍ നേരിട്ടെത്തി കുറഞ്ഞ നിരക്കില്‍ ലഹരി വാങ്ങുമ്പോള്‍ വൻ ലാഭമാണ് ലഭിക്കുന്നത്.
ഉത്തരേന്ത്യൻ അതിർത്തികളില്‍ നിന്ന് ഗ്രാമിന് 500 രൂപ നിരക്കില്‍ വാങ്ങുന്ന ലഹരിമരുന്നുകള്‍ കൊച്ചിയിലെത്തിക്കുമ്പോള്‍ പത്തിരട്ടിയിലധികം വിലയ്ക്കാണ് വില്‍ക്കുന്നത്. ആഡംബര വാഹനങ്ങളിലും അന്തർസംസ്ഥാന ബസുകളിലും രഹസ്യ അറകള്‍ നിർമ്മിച്ച് ലഹരിമരുന്നുകള്‍ കൊച്ചിയിലെത്തിക്കുകയാണ് രീതി. പരിശോധനകള്‍ ഒഴിവാക്കാൻ യാത്രകളില്‍ സ്ത്രീകളെയും യുവാക്കളെയും കാരിയർമാരായി ഉപയോഗിക്കുന്നുണ്ട്.






