കോട്ടയം: സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി–എൽസേവിയർ പ്രസിദ്ധീകരിച്ച ലോകത്തിലെ മികച്ച 2% ശാസ്ത്രജ്ഞരുടെ പട്ടികയിൽ (ഏകവർഷ ഗവേഷണ സ്വാധീനം, 2025) കോട്ടയം തോട്ടയ്ക്കാട് സ്വദേശിനി ഡോ. ആശ തോമസ് ഇടംനേടി. ബിസിനസ് & മാനേജ്മെന്റ് മേഖലയിലാണ് അംഗീകാരം.
ഗവേഷണ സ്വാധീനം അളക്കുന്ന ലോകത്തിലെ ഏറ്റവും പ്രശസ്തമായ റാങ്കിംഗുകളിൽ ഒന്നാണ് സ്റ്റാൻഫോർഡ്–എൽസേവിയർ പട്ടിക. സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി, എൽസേവിയറുമായി ചേർന്ന് സ്കോപ്പസ് ഡേറ്റ ഉപയോഗിച്ച് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഗവേഷകരെ വിലയിരുത്തിയാണ് പട്ടിക തയ്യാറാക്കുന്നത്. ഓരോ ഉപമേഖലയിലെയും മികച്ച 2% പേർക്ക് മാത്രമാണ് ഇതിൽ ഇടം ലഭിക്കുക.
2008-ൽ ന്യൂഡൽഹിയിലെ ജഗൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസിൽ (JIMS) അധ്യാപന ജീവിതം ആരംഭിച്ചു.
2014–2016 കാലയളവിൽ കോട്ടയം ബസേലിയസ് കോളേജിൽ അധ്യാപികയായിരുന്നു; കോളേജിൽ എയ്ഡഡ് ബി.ബി.എ. കോഴ്സിന്റെ അധ്യാപനം ആരംഭിച്ച ആദ്യ അധ്യാപികയാണ്. ന്യൂഡൽഹി ഡൽഹി ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിൽ (DTU) നിന്ന് നോളജ് മാനേജ്മെന്റിൽ പി.എച്ച്.ഡി. നേടി. അവിടെനിന്ന് കമൻഡബിൾ റിസർച്ചർ അവാർഡും ലഭിച്ചു.
2022 മുതൽ പോളണ്ടിലെ വ്രോറ്റ്സ്വാഫ് യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ (Wrocław University of Science and Technology) മാനേജ്മെന്റ് ആൻഡ് ക്വാളിറ്റി സയൻസസ് വിഭാഗത്തിൽ അധ്യാപികയും ഗവേഷകയുമായി പ്രവർത്തിക്കുന്നു.
പ്രമുഖ അന്താരാഷ്ട്ര ജേണലുകളിലായി 57 സ്കോപ്പസ്-ഇൻഡെക്സ്ഡ് പ്രസിദ്ധീകരണങ്ങളും അന്താരാഷ്ട്ര തലത്തിൽ പ്രസിദ്ധീകരിച്ച പുസ്തകങ്ങളും ഇവരുടേതായുണ്ട്. നിരവധി അന്താരാഷ്ട്ര ജേണലുകളുടെ എഡിറ്റോറിയൽ ബോർഡ് അംഗവുമാണ്. 2025-ൽ പോളണ്ട് ശാസ്ത്ര-ഉന്നതവിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഔട്ട്സ്റ്റാൻഡിങ് യങ് സയന്റിസ്റ്റ് സ്കോളർഷിപ്പും ലഭിച്ചു.
റിട്ട. ഇന്ത്യൻ എയർഫോഴ്സ് ഉദ്യോഗസ്ഥൻ തോട്ടയ്ക്കാട് അയ്യമ്പറമ്പിൽ വീട്ടിൽ തോമസ് എ. ഐ.യുടെയും ശോശാമ്മ തോമസിന്റെയും മകളാണ്.






