മാന്നാർ: ദോഷ പരിഹാരത്തിനായി പ്രാർഥന നടത്താമെന്ന പേരില്‍ വീട്ടമ്മയുടെ പക്കല്‍നിന്ന് പണവും സ്വർണവും തട്ടിയെടുത്തയാളെ മാന്നാർ പോലീസ് അഗസ്റ്റ് ചെയ്തു.
കണ്ണൂർ, മാവിലായി, പൊതുവാഞ്ചേരി ചെറിയാണ്ടി പുതിയ പുരയില്‍ അഷ്റഫി(52)നെയാണ് അറസ്റ്റ് ചെയ്തത്. രണ്ടുലക്ഷത്തോളം രൂപയും അഞ്ചു പവനോളം സ്വർണവുമാണ് ഇയാള്‍ മാന്നാർ സ്വദേശിയായ വീട്ടമ്മയില്‍ നിന്ന് തട്ടിയെടുത്തത്.
കുടുംബ പ്രശ്നങ്ങള്‍ പ്രാർഥനയിലൂടെ പരിഹരിച്ച് തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് വീട്ടമ്മയുടെ താലിമാല ഉള്‍പ്പെടെ അഞ്ചു പവൻ സ്വർണവും പ്രാർഥനയുടെ ചെലവ് എന്ന് പറഞ്ഞ് പല തവണയായി രണ്ടു ലക്ഷത്തോളം രൂപയുമാണ് തട്ടിയെടുത്തത്.
വീട്ടമ്മയുടെ കണ്ണൂരിലുള്ള ബന്ധു വഴിയുള്ള പരിചയത്തില്‍ കുടുംബ വഴക്കിനെപ്പറ്റി അഷ്റഫിനോട് സംസാരിച്ചതിനെതുടർന്നാണ് പ്രാർഥനയിലൂടെ പ്രശ്നങ്ങള്‍ മാറ്റിത്തരാമെന്നും പറഞ്ഞ് സ്വർണവും പണവും തട്ടിയെടുത്തതെന്ന് വീട്ടമ്മ പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. പരാതിയെ ത്തുടർന്ന് നടത്തിയ അന്വേഷണത്തില്‍ മാന്നാർ പോലീസ് ഇൻസ്പെക്ടർ എസ്.വി. ബിജുവിന്റെ നേതൃത്വത്തില്‍ പ്രതിയെ പിടികൂടുകയായിരുന്നു.






