ചെന്നൈ: ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ഇതിഹാസ താരം മഹേന്ദ്ര സിംഗ് ധോണി ഐപിഎല്ലില്‍ നിന്ന് വിരമിച്ചു. അടുത്ത ഐപിഎല്‍ സീസണ് മുതല്‍ ചെന്നൈ സൂപ്പർ കിംഗ്സിന്റെ 'മെന്റർ' (ഉപദേഷ്ടാവ്) റോളിലേക്ക് ധോണി മാറും.
2008-ല്‍ ആരംഭിച്ച ഐപിഎല്ലിലെ കളിക്കാരനും ഒരു ടീമും തമ്മിലുള്ള ഏറ്റവും ദൈര്‍ഘ്യമേറിയ ബന്ധത്തിനാണ് ഇതോടെ അവസാനമാകുന്നത്.
2007-ലെ പ്രഥമ ടി20 ലോകകപ്പില്‍ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ചതിന് പിന്നാലെ 2008-ല്‍ ചെന്നൈ സൂപ്പർ കിംഗ്സ് ആദ്യമായി സ്വന്തമാക്കിയ താരമായിരുന്നു ധോണി. അന്ന് അതൊരു പരീക്ഷണമായാണ് പലരും കണ്ടതെങ്കിലും, പിന്നീട് അഞ്ച് ഐപിഎല്‍ കിരീടങ്ങളും ലോകത്തിലെ തന്നെ ഏറ്റവും വലിയ കായിക ബ്രാൻഡുകളില്‍ ഒന്നുമായി ചെന്നൈയെ മാറ്റിയെടുക്കാൻ ധോണിക്ക് സാധിച്ചു.
2010, 2011, 2018, 2021, 2023 വർഷങ്ങളില്‍ ചെന്നൈ സൂപ്പർ കിംഗ്സിനെ ഐപിഎല്‍ കിരീടങ്ങളിലേക്ക് നയിച്ച ധോണി, മുംബൈ ഇന്ത്യൻസിനൊപ്പം ലീഗിലെ ഏറ്റവും വിജയകരമായ ടീമായി ചെന്നൈയെ മാറ്റി. ഇതിനുപുറമെ 2010-ലും 2014-ലും ചാമ്പ്യൻസ് ലീഗ് ടി20 കിരീടങ്ങളും ധോണിക്ക് കീഴില്‍ ചെന്നൈ സ്വന്തമാക്കി. കളിച്ച സീസണുകളിലെല്ലാം കിരീടപ്പോരാട്ടത്തിലുണ്ടായിരുന്ന സിഎസ്കെയെ 10 ഐപിഎല്‍ ഫൈനലുകളിലേക്കാണ് 'ക്യാപ്റ്റൻ കൂള്‍' നയിച്ചത്.
2016, 2017 സീസണുകളില്‍ ചെന്നൈയ്ക്ക് വിലക്ക് നേരിട്ടപ്പോള്‍ റൈസിംഗ് പൂനെ സൂപ്പർ ജയന്റ്സിനായി കളിച്ച ധോണി, 2018-ല്‍ മഞ്ഞക്കുപ്പായത്തിലേക്ക് മടങ്ങിയെത്തി. തിരിച്ചുവരവ് സീസണില്‍ തന്നെ ടീമിനെ കിരീടമണിയിച്ചുകൊണ്ട് ധോണി ചെന്നൈയുടെ സുവർണ്ണകാലത്തിന് വീണ്ടും തുടക്കമിട്ടു. 2023-ല്‍ അഹമ്മദാബാദില്‍ മഴ തടസ്സപ്പെടുത്തിയ ആവേശകരമായ ഫൈനലില്‍ ഗുജറാത്ത് ടൈറ്റൻസിനെ പരാജയപ്പെടുത്തിയതായിരുന്നു ധോണിയുടെ അവസാന കിരീടനേട്ടം. അവസാന പന്തില്‍ രവീന്ദ്ര ജഡേജ നേടിയ ബൗണ്ടറിയിലൂടെ അഞ്ചാം കിരീടം ഉറപ്പിച്ചപ്പോള്‍ ജഡേജയെ എടുത്തുയർത്തി ആഘോഷിച്ച ധോണിയുടെ ചിത്രം ആരാധകരുടെ മനസ്സില്‍ ഇന്നും മായാതെയുണ്ട്.
2023-ലെ കിരീടനേട്ടത്തിന് ശേഷം കാല്‍മുട്ടിന് ശസ്ത്രക്രിയയ്ക്ക് വിധേയനായ ധോണി 2024 സീസണിലും കളിക്കളത്തിലേക്ക് മടങ്ങിയെത്തി. കരിയറിന്റെ അവസാന ഘട്ടത്തില്‍ ഇന്നിംഗ്സിന്റെ അവസാന ഓവറുകളില്‍ തകർത്തടിക്കുന്ന 'ഫിനിഷർ' റോളിലേക്കായിരുന്നു ധോണിയുടെ മാറ്റം. 2023-ല്‍ 182-ലധികം സ്ട്രൈക്ക് റേറ്റില്‍ 104 റണ്‍സ് നേടിയ അദ്ദേഹം, 2024-ല്‍ 11 ഇന്നിംഗ്സുകളില്‍ നിന്ന് 220.54 എന്ന അവിശ്വസനീയ സ്ട്രൈക്ക് റേറ്റില്‍ 161 റണ്‍സ് അടിച്ചുകൂട്ടി.
2025 സീസണില്‍ 14 മത്സരങ്ങളിലും കളിച്ച ധോണി 196 റണ്‍സ് നേടി. കൈമുട്ടിനേറ്റ പരിക്കുമൂലം ഋതുരാജ് ഗെയ്ക്വാദ് പുറത്തായതോടെ ആ സീസണില്‍ ധോണിക്ക് വീണ്ടും ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കേണ്ടി വന്നു. എന്നാല്‍ സ്ഥിരതയ്ക്ക് പേരുകേട്ട ചെന്നൈ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തായാണ് ആ സീസണ് അവസാനിപ്പിച്ചത്.
2026 സീസണ് ഒരു കളിക്കാരനെന്ന നിലയില്‍ ധോണിയുടെ അവസാന സീസണായിരുന്നു. എന്നാല്‍ ഫിറ്റ്നസ് പ്രശ്നങ്ങള്‍ കാരണം ആ സീസണില്‍ ഒരു മത്സരത്തില്‍ പോലും ധോണിക്ക് കളിക്കാനായില്ല. 45-ാം വയസ്സില്‍ ഐപിഎല്ലിന്റെ കഠിനമായ ശാരീരിക വെല്ലുവിളികള്‍ നേരിടുക പ്രയാസകരമായതോടെയാണ് ധോണി വിരമിക്കാൻ തീരുമാനിച്ചത്. ഓരോ സീസണിന് മുമ്പും ധോണി കളിക്കുമോ എന്നതിനെച്ചൊല്ലിയുള്ള ആകാംക്ഷകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കുമാണ് ഇതോടെ വിരാമമാകുന്നത്.
ആകെ 278 ഐപിഎല്‍ മത്സരങ്ങളില്‍ നിന്നായി 38.30 ശരാശരിയിലും 137.45 സ്ട്രൈക്ക് റേറ്റിലും 5,439 റണ്‍സാണ് ധോണി നേടിയത്. ഇതില്‍ 24 അർദ്ധസെഞ്ച്വറികളും 264 സിക്സറുകളും 375 ഫോറുകളും ഉള്‍പ്പെടുന്നു. ചെന്നൈ സൂപ്പർ കിംഗ്സിനായി മാത്രം 272 മത്സരങ്ങളില്‍ നിന്ന് 5,314 റണ്‍സ് നേടിയ ധോണി, ഫ്രാഞ്ചൈസിയുടെ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരവും രണ്ടാമത്തെ വലിയ റണ്വേട്ടക്കാരനുമായാണ് കളിക്കളത്തോട് വിടപറയുന്നത്.






