കൊച്ചി: ഡിജിപി എസ്. ശ്രീജിത്തിനെതിരായ വിജിലൻസ് അന്വേഷണവുമായി ബന്ധപ്പെട്ട രേഖകൾ പത്ത് ദിവസത്തിനകം ഹാജരാക്കണമെന്ന് ഹൈക്കോടതി നിർദേശം.
വിജിലൻസ് അന്വേഷണം ആവശ്യമില്ലെന്ന സർക്കാരിന്റെ ക്ലീൻചിറ്റ് ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് കോടതിയുടെ നിർദേശം.
മുദ്രവച്ച കവറിൽ രേഖകൾ ഹാജരാക്കണമെന്ന് ആഭ്യന്തര വകുപ്പ് സെക്രട്ടറിക്ക് ജസ്റ്റിസ് എ. ബദറുദ്ദീൻ അധ്യക്ഷനായ സിംഗിൾ ബെഞ്ച് നിർദേശം നൽകി. ഹർജിയിൽ മറുപടി നൽകാൻ സർക്കാർ സാവകാശം തേടി.
എസ്. ശ്രീജിത്ത് ട്രാൻസ്പോർട്ട് കമ്മീഷണറായിരുന്ന കാലത്ത് അനുമതിയില്ലാതെ വിദേശയാത്ര നടത്തിയതടക്കമുള്ള ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് എംവിഡി ഉദ്യോഗസ്ഥൻ ദിപിൻ എടവന നൽകിയ പുതിയ ഹർജിയിലാണ് കോടതി നടപടി. ഹർജി സെപ്റ്റംബർ ഏഴിന് വീണ്ടും പരിഗണിക്കും.
ശ്രീജിത്തിനെതിരെ വിജിലൻസ് അന്വേഷണം വേണമെന്ന ഹർജിയിൽ നിലവിൽ അന്വേഷണം ആവശ്യമില്ലെന്ന് ആഭ്യന്തര വകുപ്പ് സെക്രട്ടറി മിൻഹാജ് ആലം ഹൈക്കോടതിയെ അറിയിച്ചിരുന്നു. തുടർന്ന് കോടതിയുടെ നിർദേശപ്രകാരമാണ് പരാതിക്കാരൻ പുതിയ ഹർജി സമർപ്പിച്ചത്.






