ഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് സിജെപി പ്രഖ്യാപിച്ച രണ്ടാം ജന്തർ മന്തർ സമരം ഇന്ന് തുടങ്ങും.
രാവിലെ 10 മണിയോടെ ജന്തർ മന്തറില്‍ എത്തിച്ചേരാൻ ആണ് സിജെപി ആഹ്വാനം. ഇടത് വിദ്യാർഥി സംഘടനകളും തൃണമൂല്‍ കോണ്‍ഗ്രസ്സും സിപിഎമ്മും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
അതേസമയം, സമരത്തിന് എത്തുന്ന സിജെപി നേതാക്കളെ വിമാനത്താവളത്തില്‍ വെച്ച് കസ്റ്റഡിയിലെടുത്തേക്കുമെന്നാണ് സൂചന. ജന്തർ മന്തർ 2.0 സമരം നയിക്കാൻ സിജെപി നേതാക്കളായ അഭിജിത് ദീപ്കെ, സൗരവ് ദാസ്, അശുതോഷ് രംഗ എന്നിവർ 10.15:ഓടെ ഡൽഹി വിമാനത്താവളത്തില്‍ എത്തും എന്നാണ് വിവരം.
വിമാനത്താവളത്തില്‍ നിന്നും നേരെ ജന്തർ മന്തറിലേക്ക് പോകാനാണ് തീരുമാനം. എന്നാല്‍ വിമാനത്താവളത്തില്‍ വച്ച് തന്നെ അറസ്റ്റ് ചെയ്തേക്കാം എന്ന് അഭിജീത് ദിപ്കെ പറഞ്ഞു.
ഗ്യാനേഷ് കുമാറിനെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുക, എസ്.ഐ.ആർ നടപടികള്‍ അടിയന്തരമായി മരവിപ്പിക്കുകയും 2025 ജനുവരിയിലെ വോട്ടർ പട്ടിക പുനഃസ്ഥാപിക്കുകയും ചെയ്യുക, തെരഞ്ഞെടുപ്പ് കമീഷണർമാരുടെ നിയമനവുമായി ബന്ധപ്പെട്ട 2023 ലെ നിയമം തിരുത്തി കമ്മീഷന്റെ ഘടനയില്‍ സമഗ്രമായ പരിഷ്കരണം വരുത്തുക എന്നിവയാണ് സിജെപിയുടെ ആവശ്യങ്ങള്‍.
ഇന്ന് നടക്കുന്ന സിജെപി സമരത്തെ നേരിടാൻ വിപുലമായ സജീകരണങ്ങളാണ് ഡൽഹി പൊലീസ് ഒരുക്കിയിരിക്കുന്നത്. ഡൽഹി പൊലീസിനും സൈനിക അർധ സൈനിക വിഭാഗങ്ങള്‍ക്കും പുറമേ 70 കമ്പനി കേന്ദ്രസേനയെ കൂടി ഡൽഹിക്ക് നിയോഗിച്ചിട്ടുണ്ട്.
ഗതാഗത ക്രമീകരണങ്ങള്‍ മുതല്‍ ഇന്റർനെറ്റ് നിരോധനം വരെയുള്ള നടപടികള്‍ സ്വീകരിച്ച് സമരത്തെ നേരിടാനാണ് പൊലീസ് നീക്കം. 57 മെട്രോ സ്റ്റേഷനുകള്‍ ഇന്നലെ രാത്രി ഒൻപത് മണിമുതല്‍ അടച്ചിട്ടിരിക്കുകയാണ്.
ഒപ്പം ജന്തർ മന്തിറിന് ചുറ്റുമുള്ള മേഖലകളിലേക്ക് ഊബർ, ഓല, റാപ്പിഡോ സൈകര്യങ്ങളും ലഭ്യമായിരിക്കില്ല. ഗതാഗത ക്രമീകരണങ്ങളുടെ ഭാഗമായി ഇന്ന് പുലർച്ചെ 4 മുതല്‍ ഉച്ചയ്ക്ക് 2 വരെ ന്യൂഡല്‍ഹി, ഹസ്രത്ത് നിസാമുദ്ദീൻ സ്റ്റേഷനുകളിലേക്കും തിരിച്ചുമുള്ള എല്ലാ ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്.
ഗതാഗത നിയന്ത്രണങ്ങള്‍ക്ക് പുറമേ ഇന്നലെ രാത്രി പത്ത് മണി മുതല്‍ കർത്തവ്യപഥിൻ്റെ നാല് കിലോമീറ്റർ ചുറ്റളവില്‍ ഇൻ്റർനെറ്റ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ജൻപഥ്- കർത്തവ്യപഥ് മേഖലകളിലാണ് ഇന്ന് രാത്രി പത്ത് മണിവരെ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
കൂടാതെ മേഖലയിലുള്ള എല്ലാ ചില്ലറ മദ്യവില്‍പ്പനശാലകളും ഇന്നലെയും ഇന്നുമായി അടച്ചിട്ടിരിക്കുകയാണ്. ഡൽഹി പൊലീസില്‍ നിന്ന് ലഭിച്ച വിവരങ്ങളും നിലവിലുള്ള സാഹചര്യവും കണക്കിലെടുത്ത് പൊതു ക്രമസമാധാനം നിലനിർത്തുന്നതിനുള്ള പ്രതിരോധ നടപടിയായാണ് തീരുമാനമെടുത്തതെന്ന് എക്സൈസ് വകുപ്പ് അറിയിച്ചു. എങ്കിലും ലൈസൻസുള്ള റെസ്റ്റോറന്റുകള്‍, ബാറുകള്‍, ക്ലബ്ബുകള്‍ എന്നിവയിലെ മദ്യവില്‍പ്പന പതിവുപോലെ തുടരുമെന്ന് ഒരു ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്.






