ഡൽഹി: ജന്തർ മന്തറിലെ കോക്രോച്ച് ജനതാ പാർട്ടിയുടെ സമരത്തിനിടെ അടച്ച മെട്രോ സ്റ്റേഷനുകളില്‍ മൂന്നെണ്ണം തുറന്നു.
രാജീവ് ചൗക്, മന്തി ഹൗസ്, സെൻട്രല്‍ സെക്രട്ടറിയേറ്റ് എന്നീ മെട്രോ സ്റ്റേഷനുകളുടെ പ്രവേശന കവാടമാണ് തുറന്നത്. ഡല്‍ഹി മെട്രോ റെയില്‍ കോർപ്പറേഷനാണ് (ഡിഎംആർസി) ഇക്കാര്യം അറിയിച്ചത്.
ലോക് കല്യാണ്‍ മാർഗ്, പട്ടേല്‍ ചൗക്, രാമകൃഷ്ണ ആശ്രം മാർഗ് തുടങ്ങി 18 സ്റ്റേഷനുകളായിരുന്നു അടച്ചത്. സുരക്ഷാ കാരണങ്ങളാല്‍ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ അടച്ചിടുന്നുവെന്നായിരുന്നു ഡിഎംആർസി അറിയിച്ചത്.
ചോദ്യപ്പേപ്പർ ചോർച്ചയില്‍ വിദ്യാർത്ഥി പ്രക്ഷോഭം ശക്തമാകുന്നതിനിടെയാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവച്ചത്. ഇതുസംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രധാൻ രാജിക്കത്തയച്ചു. കോക്രോച്ച് ജനതാ പാർട്ടിയും (സിജെപി) കേന്ദ്രവുമായുള്ള മൂന്നാം റൗണ്ട് ചർച്ചയ്ക്ക് മുന്നോടിയായി രാജി വിവരം കേന്ദ്രമന്ത്രി സ്വന്തം എക്സ് അക്കൗണ്ടിലൂടെ അറിയിക്കുകയായിരുന്നു. ചോദ്യപ്പേപ്പർ ചോർച്ചയില്‍ പ്രധാന്റെ രാജിയില്ലാതെ പിന്നോട്ടില്ലെന്ന് സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ വ്യക്തമാക്കിയിരുന്നു.






