ഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും വോട്ട് ചോരിക്കെതിരെയുള്ള പ്രതിഷേധവുമായി സുപ്രീം കോടതിയിലേക്കുള്ള ഇന്ത്യ സഖ്യത്തിന്റെ മാർച്ചിനിടെ ഹർജി നല്കി രാഹുല്‍ ഗാന്ധി.
ഗ്യാനേഷിനെതിരെ ഗുരുതര ആരോപണങ്ങളുള്ള ഹർജി രാഹുല്‍ ഗാന്ധിക്ക് വേണ്ടി അഭിഭാഷകരാണ് സുപ്രീം കോടതിയില്‍ സമർപ്പിച്ചത്. ഇന്ത്യ സഖ്യത്തിന്റെ മാർച്ചിനിടെ വൈകുന്നേരം 4.45 നായിരുന്നു ഹർജി സമർപ്പിച്ചത്.
എസ് ഐ ആർ അടക്കം തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനങ്ങള്‍ ചോദ്യം ചെയ്താണ് ഹർജി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഏകപക്ഷീയമായ തീരുമാനങ്ങള്‍ നടപ്പിലാക്കി എന്നടക്കമുള്ള ആരോപണങ്ങളും ഹർജിയിലുണ്ട്.
അതേസമയം രാജ്യതലസ്ഥാനത്തെ പ്രതിഷേധക്കടലാക്കിസുപ്രീം കോടതിയിലേക്കുള്ള ഇന്ത്യ സഖ്യത്തിന്റെ 'ദില്ലി ചലോ' മാർച്ച് തുടരുകയാണ്.
രണ്ട് മണിയോടെ കോണ്‍സ്റ്റിറ്റ്യൂഷൻ ക്ലബില്‍ നിന്ന് ബസില്‍ കയറിയ ഇന്ത്യ സഖ്യ നേതാക്കള്‍ ബാരക്കമ്പ ജംഗ്ഷനടുത്ത് ബസില്‍ നിന്നിറങ്ങി സുപ്രീം കോടതിയിലേക്ക് മാർച്ച് ചെയ്യുകയാണ്. ആദ്യം നടന്നു നീങ്ങിയ നേതാക്കള്‍ സുപ്രീംകോടതിയിലേക്ക് ഒരു കിലോമീറ്റർ മാത്രം അകലമുള്ള മണ്ടി ഹൗസിനടുത്ത് നിന്ന് തുറന്ന വാഹനത്തിലേറിയാണ് മാർച്ച് ചെയ്യുന്നത്.
സുപ്രീം കോടതിക്ക് 200 മീറ്റർ അകലെ ബാരിക്കേഡുകള്‍ ഒരുക്കി കനത്ത സുരക്ഷയാണ് പൊലീസ് ഏർപ്പെടുത്തിയിരിക്കുന്നത്.






