ഡൽഹി : സത്യനികേതനിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ ഇടപെട്ട് കേന്ദ്ര സർക്കാർ. അൻപത് വർഷത്തിൽ കൂടുതൽ പഴക്കമുള്ള ഡൽഹിയിലെ കെട്ടിടങ്ങളിൽ സുരക്ഷാ ഓഡിറ്റ് നടത്തും. ഡൽഹി ഡെവലപ്മെൻ്റ് അതോറിറ്റിക്ക് കീഴിലുള്ള കെട്ടിടങ്ങളിലാണ് ഓഡിറ്റ്. കേന്ദ്ര നഗരകാര്യ, ഭവന മന്ത്രി മനോഹർ ലാൽ ഖട്ടർ ഇക്കാര്യം വ്യക്തമാക്കി.
അതേസമയം കെട്ടിടം തകർന്നുവീണ സംഭവത്തിൽ കർശന നടപടിക്കൊരുങ്ങുകയാണ് ഡൽഹി സർക്കാർ. കൂടുതൽ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ നീക്കം. ഇന്നലെ അഞ്ചു ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത് ഉത്തരവിറക്കിയിരുന്നു. കസ്റ്റഡിയിലുള്ള കെട്ടിട ഉടമയും പ്രതിയുമായ ഹരിറാമിനെ കൂടുതൽ ചോദ്യം ചെയ്യും. അനുമതിയില്ലാത്ത കെട്ടിടം പ്രവർത്തിക്കാൻ മുൻസിപ്പൽ ഉദ്യോഗസ്ഥർ ഇടനിലക്കാരായി നിന്നു എന്നാണ് പോലീസ് കണ്ടെത്തൽ. മരിച്ചതും പരിക്കേറ്റതുമായ വിദ്യാർത്ഥികൾക്ക് അടിയന്തര നഷ്ടപരിഹാരം ആവശ്യപ്പെട്ട് വിദ്യാർത്ഥി സംഘടനകൾ പ്രതിഷേധവുമായി രംഗത്തുണ്ട്.
26 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനം എൻഡിആർഎഫ് ഇന്നലെ അവസാനിപ്പിച്ചു. രക്ഷാപ്രവർത്തനത്തിൽ 12 പേരെ പുറത്തെടുത്തപ്പോൾ 7 മരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഡൽഹി സർവകലാശാലയിൽ ഉടൻ ഹോസ്റ്റൽ സൗകര്യങ്ങൾ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് അധ്യാപക സംഘടനകളും വിദ്യാർത്ഥി സംഘടനകളും സംയുക്തമായി ഇന്ന് ഡൽഹി സർവകലാശാലയ്ക്ക് മുന്നിൽ പ്രതിഷേധിക്കും.






