കൊച്ചി : പത്മജയെ തിരികെയെടുക്കുമ്പോൾ പ്രവർത്തകരുടെ വികാരം കൂടി മാനിക്കണമെന്ന് ദീപ്തി മേരി വർഗീസ്. പറഞ്ഞ കാര്യങ്ങളിൽ പശ്ചാത്തപിച്ച് വേണം കോൺഗ്രസിലേക്ക് വരാൻ. അതാണ് നീതിയും മര്യാദയും എന്നും ദീപ്തി വ്യക്തമാക്കി.
സംഘപരിവാർ ശക്തികൾ നല്ല ആളുകൾ ആയിരുന്നു എന്നാണ് അവർ ഇപ്പോഴും പറയുന്നത്. അവിടെ പ്രശ്നമൊന്നും ഇല്ലെങ്കിൽ പിന്നെ എന്തിനാണ് വന്നതെന്ന് പത്മജയാണ് വ്യക്തമാക്കേണ്ടതെന്നും അവർ പറഞ്ഞു. മറ്റെന്തെങ്കിലും ലക്ഷ്യം വെച്ചാണോ പോയതെന്ന് വ്യക്തമാക്കണം. ഏതെങ്കിലും സ്ഥാനമാനങ്ങൾ കൊടുക്കാം എന്ന് പറഞ്ഞ് കൊടുക്കാതിരുന്നതാണോ ഇപ്പോഴത്തെ പ്രശ്നം? ഇതൊക്കെ പറയേണ്ടത് പത്മജ വേണുഗോപാലാണ്. ക്ലാരിറ്റി വരുത്തട്ടെ. കെ കരുണാകരന്റെ മകൾ ബിജെപിയിലേക്ക് പോയപ്പോൾ കോൺഗ്രസ് നേതാക്കൾ പലയിടത്തും ഉത്തരമില്ലാതെ നിന്നുവെന്നും അവർ വിമർശിച്ചു.
തിരഞ്ഞെടുപ്പ് കാലത്ത് പ്രതിരോധത്തിലായി. ആ വികാരം ഉൾക്കൊള്ളാനുള്ള സാമാന്യ പക്വത പത്മജ കാണിക്കണം. ഒരു സമരം എങ്കിലും കോൺഗ്രസിന് വേണ്ടി നയിച്ച ആൾക്ക് സംഘപരിവാർ ശക്തികൾക്ക് ഒപ്പം പോകാൻ കഴിയില്ല. ചേട്ടനും അനിയത്തിയും എല്ലാം വീട്ടിൽ. കെ മുരളീധരൻ പ്രവർത്തകരുടെ വികാരം മനസ്സിലാക്കാതെ ഒരു സ്റ്റേറ്റ്മെൻറ് പോലും നടത്തില്ല എന്നുള്ളതാണ് പ്രതീക്ഷയെന്നും അവർ കൂട്ടിച്ചേർത്തു.






