പാലക്കാട്: അട്ടപ്പാടി ഭവാനിപ്പുഴയിലെ ചീരക്കടവ് ഭാഗത്ത് മൂന്ന് ചാക്കുകളില്‍ ഒളിപ്പിച്ച നിലയില്‍ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്.കൊല്ലപ്പെട്ട യുവതിക്ക് ഏകദേശം 30 വയസും പെൺകുട്ടിക്ക് 5 വയസും തോന്നിക്കുന്നതായി പൊലീസ് വ്യക്തമാക്കി
ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം പുഴയിലെ ജലനിരപ്പ് താഴ്ന്നപ്പോഴാണ് പ്രദേശവാസികള്‍ ചാക്കുകെട്ടുകള്‍ ശ്രദ്ധിച്ചത്. സംശയം തോന്നി നാട്ടുകാര്‍ ഒരു ചാക്ക് തുറന്നപ്പോള്‍ അതില്‍ രണ്ട് തലകള്‍ കണ്ടെത്തുകയും ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിക്കുകയും ചെയ്തു.
സ്ഥലത്തെത്തിയ പുതൂര്‍ പൊലീസ് രണ്ടാമത്തെ ചാക്ക് പരിശോധിച്ചപ്പോള്‍ കുട്ടിയുടെ തലയില്ലാത്ത ഉടലാണ് കണ്ടെത്തിയത്.
മൂന്നാമത്തെ ചാക്ക് ഇതുവരെ അഴിച്ചു പരിശോധിച്ചിട്ടില്ല. അഞ്ച് ദിവസത്തോളം പഴക്കമുള്ള മൃതദേഹാവശിഷ്ടങ്ങള്‍ വിദഗ്ധ പരിശോധനയ്ക്കായി തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയതായി ഫൊറന്‍സിക് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
അടിവസ്ത്രങ്ങള്‍ മാത്രം ധരിച്ച നിലയിലുള്ള മൃതദേഹങ്ങള്‍ ചാക്കിലാക്കി പുഴയില്‍ ഒഴുക്കിയതാണെന്നും ഇത് ആസൂത്രിതമായ കൊലപാതകമാണെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
യന്ത്രങ്ങള്‍ ഉപയോഗിച്ചാകാം ശരീരഭാഗങ്ങള്‍ മുറിച്ചുമാറ്റിയതെന്നും പൊലീസ് സംശയിക്കുന്നു. കേസിന്റെ അന്വേഷണം തമിഴ്നാട്ടിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്.






