കോട്ടയം: കുട്ടികളിലെ ഡിജിറ്റൽ ആസക്തി കുറയ്ക്കുന്നതിനും സുരക്ഷിതമായ ഇന്റർനെറ്റ് ഉപയോഗം
പ്രോത്സാഹിപ്പിക്കുന്നതിനുമായി കോട്ടയം ജില്ലാ പോലീസിന്റെയും ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന ഡി-ഡാഡ്(Digital De-Addiction) പദ്ധതിയുടെയും
ആഭിമുഖ്യത്തിൽ കുടുംബശ്രീ സി.ഡി.എസ്
ചെയർപേഴ്സൺമാർക്കായി ഏകദിന ബോധവൽക്കരണ ശിൽപശാല സംഘടിപ്പിച്ചു.
കോട്ടയം പോലീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഹാളിൽ നടന്ന ശിൽപശാലയുടെ ഉദ്ഘാടനം അഡീഷണൽ ജില്ലാ പോലീസ് മേധാവി സജീവ് കെ. നിർവഹിച്ചു.
കോട്ടയം ഡി.വൈഎസ്.പി അനീഷ് കെ.ജി. അധ്യക്ഷത വഹിച്ചു.
ജനമൈത്രി എ.ഡി.എൻ.ഒ പ്രദീപ് കുമാർ, ഡി. ഡാഡ്
സൈക്കോളജിസ്റ്റ് സ്നേഹ സി,ഡി. ഡാഡ് കോർഡിനേറ്റർ പ്രീതി കെ. രവി, കുടുംബശ്രീ പ്രോഗ്രാം കോർഡിനേറ്റർ ഉഷാദേവി എന്നിവർ പങ്കെടുത്തു.
കുട്ടികളിലെ ഡിജിറ്റൽ ആസക്തിയുടെ ദൂഷ്യഫലങ്ങൾ,
ഡിജിറ്റൽ ഉപകരണങ്ങളുടെ ഉത്തരവാദിത്തപരമായ ഉപയോഗം, സൈബർ സുരക്ഷ, സുരക്ഷിതമായ ഇന്റർനെറ്റ് ഉപയോഗം,
കുട്ടികൾക്ക് ആരോഗ്യകരമായ ഡിജിറ്റൽ അന്തരീക്ഷം ഒരുക്കുന്നതിൽ കുടുംബത്തിനും
സമൂഹത്തിനുമുള്ള പങ്ക് തുടങ്ങിയ വിഷയങ്ങളിൽ ശിൽപശാലയിൽ ബോധവൽക്കരണം നൽകി.
ജനമൈത്രി സുരക്ഷാപദ്ധതിയുടെയും ഡി.ഡാഡ് പദ്ധതിയുടെയും പ്രവർത്തനങ്ങൾ കൂടുതൽ ജനങ്ങളിലേക്ക്
എത്തിക്കുന്നതിനും ഡിജിറ്റൽ സുരക്ഷയെക്കുറിച്ചുള്ള അവബോധം കുടുംബതലങ്ങളിൽ വ്യാപിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.
കോട്ടയം ജില്ലയിലെ വിവിധ സി.ഡി.എസുകളിൽ നിന്നായി 65 ചെയർപേഴ്സൺമാർ ശിൽപശാലയിൽ പങ്കെടുത്തു.
സി.ഡി.എസ് ചെയർപേഴ്സൺമാർക്കായി സ്വയംപ്രതിരോധ പരിശീലന ക്ലാസുകളും (Self Defence Classes) സംഘടിപ്പിച്ചു.






