:കൊച്ചി: അധികാര മോഹത്താല്‍ പാർട്ടി വിട്ട് മറ്റ് പാളയങ്ങളില്‍ പോയി തിരിച്ചുവരുന്നവർക്കുള്ള അവസാന ഇടമല്ല കോണ്‍ഗ്രസ് എന്ന് കോണ്‍ഗ്രസ് നേതാവ് ഡോ.
ജിന്റോ ജോണ്‍. ബിജെപി വിട്ട പത്മജ വേണുഗോപാല്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. പത്മജയെ തിരികെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച് കെപിസിസി അധ്യക്ഷനും മന്ത്രിയുമായ സണ്ണി ജോസഫടക്കം രംഗതെത്തിയപ്പോഴാണ് വേറിട്ട ശബ്ദവുമായി ജിൻറോ കളം പിടിച്ചിട്ടുള്ളത്.
പശ്ചാത്താപ വിവശത പരിശോധിക്കപ്പെടേണ്ടതാണെന്നും, തിരിച്ചുവരാൻ ആഗ്രഹിക്കുന്നവർ അല്പം കാത്തുനില്ക്കട്ടെയെന്നും ജിന്റോ ജോണ്‍ കുറിപ്പില്‍ ആവശ്യപ്പെടുന്നു. രണ്ടര വർഷം മുൻപ് കോണ്‍ഗ്രസില്‍ സ്ത്രീകള്‍ക്ക് കസേരയില്ലെന്നും അവഗണന സഹിക്കാൻ വയ്യെന്നും പറഞ്ഞാണ് പത്മജ വേണുഗോപാല്‍ ബിജെപിയിലേക്ക് പോയതെന്ന് ജിന്റോ ജോണ്‍ ഓർമ്മിപ്പിച്ചു. എന്നാല്‍ സാധാരണ പ്രവർത്തകർ തെരുവില്‍ പോരാടി കേരളത്തില്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ചപ്പോള്‍ ബിജെപിയില്‍ അവഗണന തോന്നുന്നത് സ്വാഭാവികമാണെന്ന് അദ്ദേഹം പരിഹസിച്ചു.
-
പത്മജ പോയപ്പോള്‍ ഒരൊറ്റ പ്രവർത്തകനെയോ അനുഭാവിയെയോ കൂടെ കൊണ്ടുപോകാൻ കഴിഞ്ഞില്ലെങ്കിലും, കെ. കരുണാകരൻ എന്ന എക്കാലത്തെയും ലീഡറുടെ രാഷ്ട്രീയ പാരമ്പര്യത്തെയാണ് അവർ അപമാനിച്ചതെന്നും ജിന്റോ ആരോപിച്ചു.ആര് വന്നാലും സ്വീകരിക്കാമെങ്കിലും അതിന് പ്രവർത്തകർക്കും പൊതുജനങ്ങള്‍ക്കും മനസ്സിലാകുന്ന ഒരു രാഷ്ട്രീയ സാഹചര്യം വേണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പതിറ്റാണ്ടുകളോളം സർവ്വസൗകര്യങ്ങളും അനുഭവിച്ച ശേഷം കൂടുതല്‍ മെച്ചങ്ങള്‍ക്കായി പാർട്ടിയെ ഇട്ടെറിഞ്ഞു പോയവർ ഇനിയും ഉപേക്ഷിച്ചു പോകില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട്.
പ്രാദേശിക അഭിപ്രായവ്യത്യാസങ്ങളുടെ പേരില്‍ അകന്ന സാധാരണ പ്രവർത്തകർക്ക് പോലും തിരികെ വരാൻ നിരവധി കടമ്പകള്‍ കടക്കേണ്ടതുണ്ടെന്നിരിക്കെ, പ്രവർത്തകരെ ആക്ഷേപിച്ചു പോയവർക്ക് എളുപ്പത്തില്‍ കയറിവരാനുള്ള ഇടമല്ല കെപിസിസി ഓഫീസെന്ന് ബോധ്യപ്പെടുത്തണമെന്ന് ജിന്റോ ജോണ്‍ ആവശ്യപ്പെട്ടു. താല്‍ക്കാലിക ഭാഗ്യാന്വേഷികളായി ബിജെപി വിടുന്നവർ അല്പസമയം പുറത്തുനില്ക്കട്ടെയെന്നും രാഷ്ട്രീയ വ്യക്തത വരുത്തട്ടെയെന്നും പറഞ്ഞ അദ്ദേഹം, തിരക്കിട്ട് സ്വാഗതം ചെയ്യാൻ നില്ക്കുന്ന നേതാക്കളെയും വിമർശിച്ചു. അവസരവാദത്തിന് ഒരു പരിധിയൊക്കെയില്ലേ എന്ന് പൊതുജനങ്ങള്‍ ചോദിക്കുമ്പോള്‍ പ്രവർത്തകർക്ക് മറുപടി പറയേണ്ടതുണ്ടെന്നും, കോണ്‍ഗ്രസില്‍ കിട്ടാത്ത 'സ്വാതന്ത്ര്യം' ആവോളം അനുഭവിച്ച ശേഷം മതി സ്വാഗതവിളംബരങ്ങളെന്നും വ്യക്തമാക്കിയാണ് ജിന്റോ ജോണ്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.






