കൊച്ചി: ഗാർഹിക പീഡനക്കേസ് ഏറ്റെടുത്തതിന്റെ വൈരാഗ്യത്തില്‍ ഭാര്യയുടെ അഭിഭാഷകന്റെ പിതാവിനെ വീട്ടില്‍ ആക്രമിച്ച സംഭവത്തില്‍, ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ അഭിഭാഷകന്റെ പിതാവ് മരിച്ചു.
പുതുവൈപ്പ് മുരിക്കുംപാടം തൊണ്ടുങ്കല്‍ മോഹൻദാസാണ് (80) മരിച്ചത്. ഇയാളുടെ മകനായ അഭിഭാഷകൻ ഡോള്‍ഗോയോടുള്ള വൈരാഗ്യത്തില്‍ ഇദ്ദേഹത്തിന്റെ കക്ഷിയുടെ ഭർത്താവായിരുന്നു ആക്രമണം നടത്തിയത്. ഡോള്‍ഗോയോടുള്ള വിരോധത്തിലാണ് അദ്ദേഹത്തിന്റെ പിതാവിനെ ആക്രമിച്ചത്. കേസിലെ പ്രതികളായ പുതുവൈപ്പ് സ്വദേശികളായ ഡസ്റ്റർ (വേലു), ഡൈനാസ്റ്റർ (വാവക്കുട്ടി)എന്നിവരെ പോലീസ് നേരെത്തെ അറസ്റ്റ് ചെയ്തിരുന്നു. മോഹൻദാസ് മരിച്ച സാഹചര്യത്തില്‍ ഇരുവർക്കുമെതിരെ കൊലപാതക കുറ്റം കൂടി ചുമത്തും.
ഓഗസ്റ്റ് പതിമൂന്നാം തീയതിയാണ് കേസിനാസ്പദമായ ആക്രമണം നടന്നത്. അന്ന് മുതല്‍ മോഹന്‍ദാസ് ആശുപത്രിയിലായിരുന്നു. കേസിലെ പ്രതിയായ ഡൈനാസ്റ്ററിന്റെ ഭാര്യ നല്കിയ ഗാർഹിക പീഡന കേസില്‍ വക്കാലത്തെടുത്ത് ഡോള്‍ഗോ കോടതിയില്‍ ഹാജരായതോടെയാണ് പ്രതികള്‍ അഭിഭാഷകനെ ഭീഷണിപ്പെടുത്തിയത്. എന്നാല്‍ കേസുമായി മുന്നോട്ട് പോയതോടെ വീടുകയറി ആക്രമണം നടത്തി. മോഹന്‍ദാസിനെയും ഭാര്യയെയും ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ തടയുന്നതിനിടെയാണ് മോഹന്‍ദാസിന് ഗുരുതര പരിക്കേറ്റത്. പ്രതികള്‍ മോഹന്‍ദാസിനെ കഴുത്തില്‍ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു.
അഭിഭാഷക ദമ്പതികളായ ടി.എം.ഡോള്‍ഗോ, നീമ എന്നിവരുടെ വീട്ടില്‍ ആയിരുന്നു സംഭവം. സംഭവം നടക്കുമ്പോള്‍ അഭിഭാഷകർ വീട്ടില്‍ ഉണ്ടായിരുന്നില്ല. വീടിന്റെ സിറ്റൗട്ടില്‍ അതിക്രമിച്ചു കയറിയ ഡസ്റ്റര്‍, ഡൈനാസ്റ്റര്‍ എന്നിവർ ചേർന്ന് മോഹൻദാസിനെ ഭീഷണിപ്പെടുത്തുകയായിരുന്നു. തടയാൻ ശ്രമിച്ച മോഹൻദാസിന്റെ ഭാര്യയോട് തട്ടിക്കയറിയ പ്രതികള്‍ അദ്ദേഹത്തെ ബലമായി പുറത്തേക്ക് വലിച്ചിഴച്ചിട്ടു. തുടർന്ന് വേലു മോഹൻദാസിന്റെ കഴുത്തറുക്കാൻ ശ്രമിച്ചു. പിന്നാലെ വാവക്കുട്ടി കത്തി വാങ്ങി അദ്ദേഹത്തിന്റെ വയറ്റില്‍ ആഴത്തില്‍ കുത്തുകയായിരുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ മോഹൻദാസിനെ വീട്ടുകാരും നാട്ടുകാരും ചേർന്നാണ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് ഇന്ന് രാവിലെ മോഹൻദാസ് മരിച്ചത്.
അഭിഭാഷകന്റെ വീടുകയറിയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് അഭിഭാഷകര്‍ കോടതി ബഹിഷ്ക്കരിച്ചിരുന്നു. എറണാകുളം ജില്ലാ ബാര്‍ അസോസിയേഷനിലടക്കം വാൻ പ്രതിഷേധമുണ്ടായിരുന്നു. പ്രതികള്‍ക്കെതിരെ വധശ്രമത്തിനായിരുന്നു നേരത്തെ കേസെടുത്തിരുന്നത്. എന്നാല്‍ മോഹന്‍ദാസ് മരണപ്പെട്ടതോടെ പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയേക്കും.






