മുബൈ : ദാവൂദ് ഇബ്രാഹിo മുംബൈയിൽ താമസിച്ചിരുന്ന കെട്ടിടം പൊളിക്കുന്നതിന് സ്റ്റേ. പൊളിക്കൽ നടപടികൾ നിർത്തിവയ്ക്കാൻ ബോംബെ ഹൈക്കോടതി നിർദ്ദേശം. നവംബർ 25ന് വിശദമായ വാദം കേൾക്കും വരെ സ്റ്റേ. കെട്ടിടത്തിന്റെ ഉടമസ്ഥരായ ട്രസ്റ്റ് കോടതിയെ സമീപിക്കുകയായിരുന്നു. ചീഫ് ജസ്റ്റിസ് മഹേഷ് ചന്ദ്ര ത്രിപാഠി, ജസ്റ്റിസ് അദ്വൈത് സേത്ന എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്.
വിഷയത്തിൽ വിശദമായ വാദം കേൾക്കേണ്ടതുണ്ടെന്ന് നിരീക്ഷിച്ച കോടതി, അതുവരെ തൽസ്ഥിതി തുടരാൻ നിർദ്ദേശിച്ചു. ‘ഹാജി ഇസ്മായിൽ ഹാജി ഹബീബ് മുസാഫിർഖാന ട്രസ്റ്റ്’ എന്ന വഖ്ഫ് സ്ഥാപനത്തിന്റെ ഗുണഭോക്താക്കളാണെന്ന് അവകാശപ്പെടുന്ന രണ്ട് പേരാണ് കോടതിയെ സമീപിച്ചത്. 1864ൽ ഹജ്ജ് തീർത്ഥാടകർക്കുള്ള വിശ്രമകേന്ദ്രമായും (മുസാഫിർഖാന) പള്ളിയായും ഉപയോഗിക്കാൻ സമർപ്പിച്ച വഖ്ഫ് സ്വത്താണിതെന്നും, ഇത് പൊളിക്കുന്നത് സുപ്രീം കോടതി ഉത്തരവുകൾക്ക് വിരുദ്ധമാണെന്നും ഹർജിക്കാർ വാദിച്ചു.
തെക്കൻ മുംബൈയിലെ ഭെൻഡി ബസാർ മേഖലയിൽ പാക്മോഡിയ സ്ട്രീറ്റിലുള്ള ഈ കെട്ടിടം പൊളിക്കുന്ന നടപടികൾ ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബി.എം.സി) വ്യാഴാഴ്ച (നവംബർ 19) രാവിലെ ആരംഭിച്ചിരുന്നു. അപകടാവസ്ഥയിലുള്ളതും പൊളിച്ചുമാറ്റേണ്ടതുമായ കെട്ടിടങ്ങളെ ഉൾപ്പെടുത്തുന്ന ‘സി-1’ വിഭാഗത്തിലാണ് ഈ കെട്ടിടത്തെ ഉൾപ്പെടുത്തിയിരുന്നത്. 1986-ൽ ഇന്ത്യ വിടുന്നതിന് മുൻപ് 1970-കളിൽ ദാവൂദ് ഇബ്രാഹിമും കുടുംബവും ഈ കെട്ടിടത്തിലാണ് താമസിച്ചിരുന്നത്. ദാവൂദിന്റെ ആദ്യകാല പ്രവർത്തനകേന്ദ്രങ്ങളിലൊന്നായിരുന്നു ഈ കെട്ടിടം.






