പത്തനംതിട്ട: മൂഴിയാർ ഡാമിലെ ജലനിരപ്പ് റെഡ് ലൈനിലെത്തി. നിലവിൽ ഡാമിലെ ജലനിരപ്പ് 190 മീറ്ററാണ്. ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ കനത്ത മഴ തുടരുന്നതിനാൽ ശക്തമായ നീരൊഴുക്കാണ് ഡാമിലേക്ക് എത്തുന്നത്.
ജലനിരപ്പ് 192.63 മീറ്ററിൽ എത്തിയാൽ ഡാം തുറക്കാനാണ് നിർദേശം. സാഹചര്യങ്ങൾ അനുകൂലമല്ലെങ്കിൽ ഏത് നിമിഷവും ഷട്ടറുകൾ തുറക്കാൻ സാധ്യതയുണ്ട്.
മൂഴിയാർ ഡാമിലെ മൂന്ന് ഷട്ടറുകളും 60 സെന്റിമീറ്റർ വരെ ഉയർത്തി വെള്ളം പുറത്തേക്ക് ഒഴുക്കാനാണ് നിർദേശം. പുറത്തുവിടുന്ന വെള്ളം കക്കാട് നദിയിലേക്കാണ് എത്തുക.
ഡാമിലേക്കുള്ള നീരൊഴുക്കും വൃഷ്ടിപ്രദേശങ്ങളിലെ മഴയും അധികൃതർ നിരീക്ഷിച്ചുവരികയാണ്. കക്കാട് നദിയുടെ തീരപ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്.






