മുളന്തുരുത്തി: കരാർ അവസാനിച്ചിട്ടും ജല അതോറിറ്റി ഓഫിസിൽ ഭരണം നടത്തിയിരുന്ന താൽക്കാലിക ജീവനക്കാരിയെ പിടികൂടി വിജിലൻസ്.
രഹസ്യ വിവരത്തെ തുടർന്നു മുളന്തുരുത്തി ജല അതോറിറ്റി ഓഫിസിൽ കഴിഞ്ഞ ദിവസം വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിലാണു കരാർ അവസാനിച്ചു മാസങ്ങൾ കഴിഞ്ഞ ജീവനക്കാരി അനധികൃതമായി ജോലിയിൽ തുടർന്നതു കണ്ടെത്തിയത്.
മാസങ്ങളോളം അസി.എൻജിനീയർ ഇല്ലാതിരുന്ന ഓഫിസിന്റെ ഭരണച്ചുമതല വഹിച്ചത് ഇവരായിരുന്നു.കരാറുകാർക്കു വേണ്ടി ഇവർ തിരിമറികൾ നടത്തിയിട്ടുണ്ടെന്നു വിജിലൻസ് കണ്ടെത്തിയതായാണു വിവരം.
വിശദമായ അന്വേഷണം നടക്കുകയാണ്.പദ്ധതിയുടെ പ്രോജക്ട് ജോലിയുടെ ഭാഗമായി 179 ദിവസത്തെ കരാർ ജോലിക്കായെത്തിയ കോട്ടയം കടനാട് സ്വദേശി ജോഫിയ ജോസഫാണ് അനധികൃതമായി ജോലിയിൽ തുടർന്നത്.
ഡിസംബറിൽ കാലാവധി അവസാനിച്ച ഇവർ അസി.എൻജിനീയർ ഇല്ലാത്തതിനാൽ ഉന്നത ഉദ്യോഗസ്ഥരുടെ അറിവോടെ ഒരു മാസം കൂടി ജോലിയിൽ തുടർന്നിരുന്നു. ജനുവരി വരെയാണ് ഇവർക്ക് ഔദ്യോഗികമായി വേതനം നൽകിയിട്ടുള്ളത്. തുടർന്നുള്ള മാസങ്ങളിൽ ഇവർ ജോലി ചെയ്തത് എങ്ങനെയെന്നതിൽ ഉദ്യോഗസ്ഥർക്കു പോലും വ്യക്തതയില്ല.
ഓഫിസിനു കീഴിലെ ജലവിതരണ പൈപ്പുകളുടെ തകരാറുകൾ ഔദ്യോഗികമായി റിപ്പോർട്ട് ചെയ്യുന്നതിലും കരാർ ജോലി നൽകുന്നതിലും ഇവർ ഇടപെട്ടതായാണു വിവരം.
കരാറുകാരുടെ ഇടനിലക്കാരിയായാണ് ഇവർ ഓഫിസിൽ പ്രവർത്തിച്ചതെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തൽ.
ഔദ്യോഗികമായി ജീവനക്കാരിയല്ലാത്ത ആൾ ഓഫിസിലെ വെബ്സൈറ്റ് ഉപയോഗിക്കുന്നതായും ബില്ലുകൾ കൈകാര്യം ചെയ്യുന്നതായും വിവരം ലഭിച്ചതിനെ തുടർന്നു രഹസ്യാന്വേഷണ വിഭാഗം ഇവരെ നിരീക്ഷിച്ചു വരികയായിരുന്നു.
സംഭവം ജലവിഭവ വകുപ്പിൽ വിജിലൻസ് റിപ്പോർട്ട് ചെയ്തതോടെ വകുപ്പുതല അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. വിജിലൻസ് പരിശോധനയ്ക്കു ശേഷം ഇവർ ജോലിക്കെത്തിയിട്ടില്ല






