ആലപ്പുഴ: ആലപ്പുഴയിലെ രക്ഷാപ്രവർത്തന വിവാദത്തില്‍ വകുപ്പുതല നടപടിയിലേക്ക് നീങ്ങി ആഭ്യന്തര വകുപ്പ്. സസ്പെൻഷൻ അടക്കം പരിഗണനയിലുണ്ട്.
ഇതിനു മുന്നോടിയായി ഡിജിപി റാവാഡ ചന്ദ്രശേഖർ നിയമോപദേശം തേടിയിരുന്നു. നിയമോപദേശം ലഭിച്ചാല്‍ ഉടൻ പോലീസ് മേധാവി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും. രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച കേസിലെ പ്രതികളെ രക്ഷിക്കാൻ വഴിവിട്ട് ഇടപെട്ടെന്ന ആരോപണം നേരിടുന്ന ഉന്നത ഉദ്യോഗസ്ഥനെതിരായ നടപടി പിഴവില്ലാത്തവിധമാക്കാനാണ് നിയമോപദേശം തേടിയത്.
എം.ആർ അജിത്കുമാറിന് ഈ മാസമവസാനം ഡിജിപി റാങ്കിലേക്കു സ്ഥാനക്കയറ്റം ലഭിക്കാനിരിക്കുകയാണ്. അതിനു മുൻപ് ആഭ്യന്തര വകുപ്പിന്റെ നടപടി ഉണ്ടാകുമെന്നാണു വിവരം. അജിത്കുമാറിന്റെ ഓഫിസില്‍ ജോലിചെയ്തിരുന്ന രണ്ടു ഗ്രേഡ് എസ്.ഐമാരുടെ അനധികൃത ഇടപെടലും കേസന്വേഷിച്ച എസ്ഐടി കണ്ടെത്തിയിരുന്നു. ഇവർക്കെതിരെയും വകുപ്പു തല നടപടി വരും.






