കോട്ടയം: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, പി.എ. മുഹമ്മദ് റിയാസ്, വീണ വിജയൻ എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡിജിപിക്ക് കത്ത് നൽകിയ നടപടിയിൽ പ്രതികരണവുമായി പരാതിക്കാരനും ബിജെപി സംസ്ഥാന ഉപാധ്യക്ഷനുമായ ഷോൺ ജോർജ് രംഗത്ത്.
ഇപ്പോൾ പുറത്തുവന്ന നടപടി താൻ നടത്തിയ മൂന്ന് വർഷത്തെ ശക്തമായ നിയമപോരാട്ടത്തിന്റെ ഫലമാണെന്നും മാസപ്പടി ഇടപാടിൽ പിണറായി വിജയൻ തന്നെയാണ് പ്രധാന പ്രതിയെന്നും ഷോൺ ജോർജ് ആരോപിച്ചു.
കേരളത്തിന്റെ തീരദേശ സമ്പത്ത് സ്വകാര്യ കമ്പനിക്ക് തീറെഴുതിക്കൊടുക്കുകയാണ് പിണറായി വിജയൻ ചെയ്തതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി ഇഡിയുടെ കത്തിലെ വിവരങ്ങളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ സംസ്ഥാന പോലീസ് മേധാവി കാലതാമസമില്ലാതെ അഴിമതി നിരോധന നിയമപ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ തയ്യാറാകണം. കാബിനറ്റ് റാങ്കിലുള്ള പ്രതിപക്ഷ നേതാവ് പദവിയിൽ തുടരാൻ പിണറായിക്ക് യാതൊരു അർഹതയുമില്ല. എത്രയും വേഗം അദ്ദേഹത്തെ പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് നീക്കാൻ സിപിഎം നേതൃത്വം തയ്യാറാകണം.
ഒരു കൊള്ളക്കാരനും അഴിമതിക്കാരനുമായ വ്യക്തി ജനപ്രതിനിധിയായി ഇരിക്കാൻ പാടില്ലെന്നും എംഎൽഎ സ്ഥാനത്തുനിന്നുള്ള പിണറായി വിജയന്റെ രാജി സിപിഎം എഴുതിവാങ്ങണമെന്നും ഷോൺ ജോർജ് ആവശ്യപ്പെട്ടു.സ്വകാര്യ കരിമണൽ കമ്പനിയിൽ നിന്നുള്ള സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ഉയർന്ന മാസപ്പടി ആരോപണത്തിൽ ഇഡി നേരിട്ട് പോലീസിനെ സമീപിച്ചതോടെ സംസ്ഥാന രാഷ്ട്രീയത്തിൽ പ്രതിപക്ഷവും ഭരണപക്ഷവും തമ്മിലുള്ള വാക്പോര് കൂടുതൽ രൂക്ഷമായിരിക്കുകയാണ്.






