കന്യാകുമാരി : തിർപ്പറപ്പിന് സമീപമുള്ള കോതയാറിൽ ഏഴ് മാസത്തിലേറെയായി പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയ 300 കിലോ ഭാരമുള്ള ഭീമൻ മുതല ഒടുവിൽ പിടിയിലായി. ഇന്ന് രാവിലെയോടെ നിലക്കൽ ആറ്റുപാതത്തിന് സമീപം സ്ഥാപിച്ച വലയിൽ മുതല കുടുങ്ങുകയായിരുന്നു. വിവരമറിഞ്ഞ് വൻ ജനക്കൂട്ടമാണ് മുതലയെ കാണാനായി ഇവിടെ തടിച്ചുകൂടിയത്.
മാസങ്ങൾ നീണ്ട ആശങ്കയ്ക്കൊടുവിൽ മുതല പിടിയിലായത് പ്രദേശവാസികൾക്ക് വലിയ ആശ്വാസമായിട്ടുണ്ട്. വനംവകുപ്പിന്റെ പ്രത്യേക സംഘം സ്ഥാപിച്ച വലയിലാണ് മുതല കുടുങ്ങിയത്. ഏഴ് മാസം മുൻപാണ് കോതയാറ്റിൽ മുതലയുടെ സാന്നിധ്യം പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടതും ഇതിന്റെ ദൃശ്യങ്ങൾ പകർത്തിയതും. തുടർന്ന് മുതലയെ പിടികൂടാനായി വനംവകുപ്പ് വിവിധ നടപടികൾ സ്വീകരിച്ചു വരികയായിരുന്നു.
ചെന്നൈയിൽ നിന്നുള്ള പ്രത്യേക സംഘത്തെയും ഇതിനായി എത്തിച്ചിരുന്നു. കോഴിയെയും ആടിനെയും ഇരയായി വച്ച് കെണിയൊരുക്കിയെങ്കിലും മുതല പിടിക്കൊടുക്കാതെ തന്ത്രപരമായി രക്ഷപ്പെടുകയായിരുന്നു.
തുടർന്ന് പ്രത്യേക സംഘം പ്രദേശത്ത് കൂടുതൽ പരിശോധനകൾ നടത്തുകയും മുതലയുടെ സഞ്ചാരപഥങ്ങളിൽ വലകൾ സ്ഥാപിക്കുകയും ചെയ്തു. വലയിൽ കുടുങ്ങിയ 300 കിലോയോളം തൂക്കമുള്ള മുതലയെ കൂടുതൽ വലകൾ ഉപയോഗിച്ച് സുരക്ഷിതമായി വനംവകുപ്പ് ജീവനക്കാർ കരയ്ക്കെത്തിച്ചു. തുടർന്ന് സീറോ പോയിന്റിലുള്ള വനംവകുപ്പ് ഓഫീസിലേക്ക് മാറ്റി.






