മൈസൂരു : സുഹൃത്തിന്റെ വീട്ടിലെ പിറന്നാളാഘോഷത്തിൽ പങ്കെടുത്ത് രാത്രി വൈകി ബസിൽ വന്നിറങ്ങിയ യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. മൈസൂരുവിലാണ് പശ്ചിമ ബംഗാൾ സ്വദേശിയായ യുവതിക്ക് നേരെ ആക്രമണമുണ്ടായത്. പിന്നാലെ സംഭവത്തിൽ മൂന്നുപേർ പിടിയിലായി. ടി നരസിപുര സ്വദേശികളായ കിരൺ, കിഷോർ, റിയാൻ എന്നിവരാണ് പിടിയിലായത്. രാത്രി വൈകി ബസിറങ്ങിയ മുപ്പതുകാരിയെയാണ് കാറിലെത്തിയ പ്രതികൾ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
കഴിഞ്ഞ ദിവസം രാത്രി 9.45 ഓടെയാണ് യുവതി ടി. നരസിപുര ബസ് സ്റ്റാൻഡിൽ എത്തിയത്. ഈ സമയം കാറിലെത്തിയ യുവാക്കളുടെ സംഘം യുവതിയോട് വഴി ചോദിച്ചു. കന്നഡ അറിയില്ലെന്ന് യുവതി പറഞ്ഞെങ്കിലും യുവാക്കൾ യുവതിയെ കാറിൽ വലിച്ച് കയറ്റുകയും ഒരു ലോഡ്ജിൽ എത്തിച്ച് ഉപദ്രവിക്കുകയുമായിരുന്നു.
യുവതിയെ മാറി മാറി ബലാത്സംഗം ചെയ്ത പ്രതികൾ ഇവരുടെ കൈവശമുണ്ടായിരുന്ന അയ്യായിരം രൂപയും തട്ടിയെടുത്തു. കൂടുതൽ പണം ആവശ്യപ്പെട്ടപ്പോൾ വീട്ടിലുണ്ടെന്നും അവിടെ എത്തിച്ചാൽ തരാമെന്നും യുവതി പറയുകയായിരുന്നു. തുടർന്ന് സംഘം കാറിൽ യുവതിയെ താമസ സ്ഥലത്ത് എത്തിച്ചു. ഇവിടെ എത്തിയ ഉടൻ വീട്ടുടമയുടെ ഫ്ലാറ്റിലേക്ക് ഓടിക്കയറിയ യുവതി സംഭവം വിവരിച്ചു. ഇതോടെ വീട്ടുടമ പൊലീസിൽ വിവരമറിയിക്കുകയും പൊലീസെത്തി പ്രതികളെ പിടികൂടുകയുമായിരുന്നു.






