തിരുവനന്തപുരം: ട്രെയിനിൽ വെച്ച് കാഴ്ചപരിമിതിയുള്ള യുവതിയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ തമിഴ്നാട് സ്വദേശിയായ പ്രതിക്ക് പതിനഞ്ച് വർഷം കഠിനതടവും മുപ്പതിനായിരം രൂപ പിഴയും വിധിച്ചു. തമിഴ്നാട് തിരുനെൽവേലി രാധാപുരം തിസയൻവിള കീഴാവൂർ സ്വദേശിയായ നാൽപ്പത്തിയാറുകാരൻ ലിംഗരാജയെയാണ് കാട്ടാക്കട അതിവേഗ കോടതി ജഡ്ജി വി വിനോദ് ശിക്ഷിച്ചത്. പിഴത്തുക അതിജീവിതയ്ക്ക് നൽകണമെന്നും പിഴയൊടുക്കിയില്ലെങ്കിൽ മൂന്നുമാസം അധിക കഠിനതടവ് അനുഭവിക്കണമെന്നും വിധിന്യായത്തിൽ വ്യക്തമാക്കുന്നുണ്ട്. രണ്ടായിരത്തി ഇരുപത്തിയൊന്ന് ഓഗസ്റ്റ് ഇരുപത്തിയേഴിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഗുരുവായൂരിൽ നിന്ന് വിവാഹ ആവശ്യത്തിനായി ട്രെയിൻ മാർഗ്ഗം തിരുവനന്തപുരത്തേക്ക് വരികയായിരുന്നു യുവതി. ഈ യാത്രയ്ക്കിടയിലാണ് യുവതിക്ക് കാഴ്ചശക്തിയില്ലെന്ന് മനസ്സിലാക്കിയ പ്രതി ലിംഗരാജ കുറ്റകരമായ ഉദ്ദേശത്തോടെ യുവതി ഇരുന്ന കോച്ചിലേക്ക് കയറിയത്. തുടർന്ന് ആലുവ മുതൽ കൊല്ലം വരെയുള്ള യാത്രാമധ്യേ പ്രതി യുവതിയെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. ട്രെയിൻ തിരുവനന്തപുരത്ത് എത്തിയതിന് ശേഷം യുവതി കൊച്ചിയിലുണ്ടായിരുന്ന തന്റെ സുഹൃത്തിനെ ഫോണിൽ വിളിച്ച് പീഡന വിവരം അറിയിച്ചു. തുടർന്ന് റെയിൽവേ പോലീസും തമ്പാനൂർ റെയിൽവേ പോലീസും സംയുക്തമായി കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അതിവേഗം അറസ്റ്റ് ചെയ്യുകയായിരുന്നു. ദൃക്സാക്ഷികൾ ഇല്ലാതിരുന്ന ഈ കേസിൽ പ്രോസിക്യൂഷൻ കൃത്യമായ സാഹചര്യത്തെളിവുകൾ കോടതിയിൽ ഹാജരാക്കി. യുവതിക്ക് കാഴ്ചശക്തിയില്ലാത്തതിനാൽ പ്രതിയുടെ ശബ്ദം കേൾപ്പിച്ചു നൽകിയാണ് പോലീസ് പ്രതിയെ കൃത്യമായി തിരിച്ചറിഞ്ഞത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് ഡി ആർ പ്രമോദ് കോടതിയിൽ ഹാജരായി. അന്നത്തെ തിരുവനന്തപുരം റെയിൽവേ പോലീസ് ഇൻസ്പെക്ടർമാരായിരുന്ന പ്രസാദ്, അഭിലാഷ് ഡേവിഡ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.






