മുണ്ടക്കയം: അടിയന്തര സാഹചര്യങ്ങളിൽ ജീവൻ രക്ഷിക്കുന്നതിനുള്ള സിപിആർ (കാർഡിയോപൾമണറി
റെസസിറ്റേഷൻ) പരിശീലനവും ആരോഗ്യാവബോധവും ലക്ഷ്യമിട്ട് ‘ദ പൾസ് – എവരി സെക്കൻഡ്
കൗണ്ട്സ്’ എന്ന പേരിൽ സിപിആർ പരിശീലന പരിപാടി ഇന്ന് മുണ്ടക്കയത്ത് നടക്കും.
പെരുവന്താനം സെന്റ് ആന്റണീസ് കോളജിലെ സോഷ്യൽ വർക്ക് വിഭാഗത്തിന്റെ നേതൃത്വത്തിൽ
ആന്റോണിയൻ സോഷ്യൽ വർക്ക് അസോസിയേഷന്റെയും (ASWA) മുണ്ടക്കയം
ഗ്രാമപഞ്ചായത്തിന്റെയും കാഞ്ഞിരപ്പള്ളി മേരി ക്വീൻസ് മിഷൻ ആശുപത്രിയുടെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുസമ്മ മാത്യു പരിപാടി ഉദ്ഘാടനം ചെയ്യും.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി ഷാജി അധ്യക്ഷത വഹിക്കും.
രാവിലെ 11.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ മുണ്ടക്കയം ഗ്രാമപഞ്ചായത്ത് ഹാളിലാണ് പരിശീലനം.
ഹൃദയസ്തംഭനം ഉൾപ്പെടെയുള്ള അടിയന്തര സാഹചര്യങ്ങളിൽ സമയോചിതമായി ഇടപെടുന്നതിനും ജീവൻ
രക്ഷിക്കാനുള്ള അടിസ്ഥാന സിപിആർ നടപടികൾ മനസ്സിലാക്കുന്നതിനും പരിശീലനം സഹായകമാകും.
കോളജിലെ സോഷ്യൽ വർക്ക് വിഭാഗം അധ്യാപകരായ ജിസ്മി ഷാജു, ഫാ. ജോയിസ് മൈലാടി, ആൻ സ്റ്റാൻലി, ആസിയ ഷാജഹാൻ എന്നിവർ പരിപാടിയുടെ മുഖ്യ നേതൃത്വം വഹിക്കും.
അടിയന്തര ആരോഗ്യപ്രശ്നങ്ങൾ നേരിടുമ്പോൾ ഭയമില്ലാതെ ഇടപെടാനുള്ള അറിവും ആത്മവിശ്വാസവും പൊതുജനങ്ങളിൽ വളർത്തുകയാണ് പരിപാടിയുടെ ലക്ഷ്യം.
ജീവൻ രക്ഷാ പ്രവർത്തനങ്ങളിൽ ഓരോ സെക്കൻഡിനുമുള്ള പ്രാധാന്യം ഉയർത്തിക്കാട്ടുന്ന ഈ സംരംഭം സമൂഹത്തിൽ ആരോഗ്യാവബോധം വർധിപ്പിക്കുമെന്നും സംഘാടകർ അറിയിച്ചു.






