തലയോലപ്പറമ്പ്: വാർഡിലെ വയോധികർക്ക് പുന്നമട കായലിന്റെ മനോഹാരിതയും
ആലപ്പുഴ ബീച്ചിലെ സൂര്യാ സ്തമയവും അനുഭവവേദ്യമാക്കാൻ ഏകദിന വിനോദ സഞ്ചാര ട്രിപ്പ് സംഘടിപ്പിച്ച് ഒരു പഞ്ചായത്ത് അംഗം.
തലയോലപ്പറമ്പ് പഞ്ചായത്തിലെ ഒന്നാം വാർഡ് മെംബർ സമീൽ ഇബ്രാഹിമാണ്
ജനപ്രതിനിധിയായ ശേഷം ലഭിച്ച ഓണറേറിയം കൂട്ടിവച്ച് തന്റെ വാർഡിലെ 60 നും 80നും മധ്യേപ്രായമുള്ള വയോധികരെ ചേർത്തുപിടിച്ച് വിനോദയാത്രയ്ക്ക് കൊണ്ടുപോയത്.
ഇന്നലെ രാവിലെ 9.30ന് രണ്ട് ബസുകളിലായാണ് 70 പേരും വിനോദയാത്രയ്ക്ക് പുറപ്പെട്ടത്.
വിനോദ യാത്രയ്ക്കായി എത്തിയവരിൽ ഭൂരിഭാഗവും അമ്മമാരായിരുന്നു.
വിവിധ ജോലികളിൽ നിന്നു വിരമിച്ചും വിവിധ പണികളിലേർപ്പെട്ട് അനാരോഗ്യത്താൽ പണിയെടുക്കാൻ കഴിയാതായവരും
വീടുകളിൽ ഒറ്റപ്പെടൽ അനുഭവിച്ച് വീർപ്പുമുട്ടരുതെന്ന ആഗ്രഹത്തിന്റെ ഭാഗമായാണ് താൻ വയോജനങ്ങളുമായി വിനോദ യാത്രയ്ക്ക് പോകുന്നതെന്ന് വാർഡ് മെംബർ സമീൽ ഇബ്രാഹിം പറഞ്ഞു.
രാവിലെ 10.30ഓടെ പുന്നമടയിലെത്തി ഹൗസ്ബോട്ടിൽ കായൽ കാഴ്ചകൾ ആസ്വദിച്ച്
മൽസ്യവിഭവങ്ങൾകൂട്ടി ഉച്ചയൂണ് കഴിച്ച് വൈകുന്നേരം അഞ്ചുവരെ കായൽ സവാരി നടത്തിയ ശേഷം ആലപ്പുഴ ബീച്ചിലെത്തി.
ബീച്ചിൽ അസ്തമയം കണ്ട് മൂന്ന് മണിക്കൂർ ചെലവഴിച്ചശേഷം തലയോലപ്പറമ്പിലേക്ക് മടങ്ങുന്ന വിധത്തിലാണ് യാത്ര ക്രമീകരിച്ചത്.
തലയോലപ്പറമ്പ് ബസ് സ്റ്റാൻഡിനു സമീപത്ത് പുറപ്പെടാൻ തയാറായ ബസിലേക്ക് കയറാൻ എത്തുമ്പോൾ വയോജനങ്ങളുടെ മുഖത്ത് ആഹ്ലാദം തിരല്ലി.
മുമ്പും യാത്രകൾ ചെയ്തിട്ടുണ്ടെങ്കിലും അയൽക്കാരായ സഹോദരങ്ങൾക്കൊപ്പമുള്ള ഈ യാത്രയ്ക്ക് മാധുര്യം കൂടുതലാണെന്ന് മുതിർന്ന പൗരനായ ഗോപാലകൃഷ്ണ ഷേണായി പറഞ്ഞു.
വിനോദയാത്ര കെ. ബിനിമോൻ എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു. 350 കുടുംബങ്ങളാണ് തലയോലപ്പറമ്പ് ഒന്നാം വാർഡിലുള്ളത്.
ഇവിടെ താമസിക്കുന്നവർക്ക് ഒരു സർട്ടിഫിക്കറ്റിനായി അക്ഷയ കേന്ദ്രത്തിൽ പോയി നിരയിൽ നിൽക്കേണ്ട. ഫോണിൽ വിളിച്ച് ആവശ്യം പറഞ്ഞാൽ വാർഡു മെംബറുടെ കോൾ സെന്ററിൽ നിന്ന് ആളെത്തി സേവനം ലഭ്യമാക്കും.
വാർഡിൽ വീട്ടമ്മമാരുടെ കൂട്ടായ്മ സംഘടിപ്പിച്ചും മികവ് തെളിയിച്ച വിദ്യാർഥികൾക്ക് മെറിറ്റ് അവാർഡ് നൽകിയും
കർഷകരെയും കലാ സാഹിത്യമത്സര വിജയികളെയും അനുമോദിച്ചും ഒന്നാം വാർഡ് ഇതിനകം മോഡൽ വാർഡായി മാറിയിട്ടുണ്ട്.





