തിരുവനന്തപുരം: കാലം മാറുന്നതനുസരിച്ച് തങ്ങളുടെ പ്രവർത്തനശൈലിയിലും മാറ്റം വരുത്താൻ ഒരുങ്ങി സിപിഎം. പരമ്പരാഗത സമരരീതികളും ശൈലികളും ഒഴിവാക്കി പുതുതലമുറയെ പാർട്ടിയിലേക്ക് ആകർഷിക്കുന്ന തരത്തിലുള്ള 'ജെൻസീ മോഡ്' ശൈലിയിലേക്ക് മാറാനാണ് പാർട്ടി തീരുമാനം.
വർത്തമാനകാലത്തെ പാർട്ടിയുടെ അവസ്ഥയും മുൻകാല സമരങ്ങളുടെ പാഠങ്ങളും ഉള്‍ക്കൊണ്ട് പ്രവർത്തനരീതി പൂർണ്ണമായി അഴിച്ചുപണിയാൻ സെപ്റ്റംബറില്‍ കോഴിക്കോട്ട് നടക്കുന്ന വിശാല സംസ്ഥാനകമ്മിറ്റി യോഗത്തില്‍ പുതിയ കർമ്മപരിപാടി തയ്യാറാക്കും.
പാർട്ടിയിലെയും വർഗബഹുജന സംഘടനകളിലെയും അംഗങ്ങള്‍ മാത്രം എല്ലാ സമരങ്ങളിലും പങ്കെടുക്കുന്ന രീതി മാറി, ഉന്നയിക്കുന്ന വിഷയങ്ങളുടെ ഗുണഭോക്താക്കള്‍ തന്നെ സമരങ്ങളില്‍ പങ്കാളികളാകുന്ന ജനകീയ രീതിയിലേക്ക് മാറണമെന്നാണ് പാർട്ടിയുടെ വിലയിരുത്തല്‍. കൂടാതെ, എന്തിനും ഏതിനും പൊതുജനങ്ങളില്‍ നിന്നും കൂടുതല്‍ ഫണ്ട് പിരിവ് നടത്തുന്ന പാർട്ടിയെന്ന പേരുദോഷം മാറ്റിയെടുക്കാനും
സി.പി.എമ്മും പോഷകസംഘടനകളും തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ തുടക്കം വിശാല സംസ്ഥാനകമ്മിറ്റിയുടെ നടത്തിപ്പുമുതല്‍ തന്നെ നടപ്പിലാക്കാനാണ് തീരുമാനം. യോഗത്തിലെ താമസം, ഭക്ഷണം എന്നിവയിലെ ആർഭാടങ്ങള്‍ പൂർണ്ണമായി ഒഴിവാക്കുകയും പൊതുജനങ്ങളില്‍ നിന്നുള്ള പിരിവ് പൂർണ്ണമായി ഒഴിവാക്കുകയും ചെയ്യും. ഇതിനായി ഓരോ പാർട്ടി അംഗവും കുറഞ്ഞത് 100 രൂപ നല്‍കണമെന്നും കൂടുതല്‍ നല്കാൻ കഴിയുന്നവർക്ക് അതുമാകാം എന്നും നിർദ്ദേശിച്ചിട്ടുണ്ട്.
പ്രത്യയശാസ്ത്രം, രാഷ്ട്രീയം, സംഘടന, ഭരണപരം എന്നീ നാലു പ്രധാന മേഖലകളിലൂന്നിയാണ് ഈ തിരുത്തല്‍ കർമ്മപരിപാടി നടപ്പിലാക്കുന്നത്. തിരഞ്ഞെടുപ്പ് തോല്‍വി സംബന്ധിച്ച് സംസ്ഥാന കമ്മിറ്റിയും കേന്ദ്രകമ്മിറ്റിയും തയ്യാറാക്കിയ അവലോകന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാകും ഈ നിർണ്ണായക ചർച്ചകള്‍ നടക്കുക. പി.ബി. അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവർ നിരീക്ഷകരായി പങ്കെടുക്കുന്ന യോഗത്തില്‍ പോഷകസംഘടനകളുടെ പ്രവർത്തനങ്ങള്‍ക്കും പുതിയ കർമ്മപരിപാടി രൂപീകരിക്കും.
മാറ്റങ്ങള്‍ പാർട്ടിയുടെ അടിത്തറ ശക്തമാക്കാൻ എത്രത്തോളം സഹായിക്കുമെന്ന് കണ്ടറിയേണ്ടതുണ്ട്.






