തിരുവനന്തപുരം : സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ മുഖ്യമന്ത്രി വിഡി സതീശനെതിരെ വിമർശനവുമായി സിപിഎം. കനത്ത മഴയും കടലാക്രമണവും ഉരുൾപൊട്ടലും വിതച്ച അതിരൂക്ഷമായ സാഹചര്യങ്ങളിൽ നേരിട്ടിറങ്ങി ഇടപെടാനും ദുരിതബാധിതരെ സഹായിക്കാനും മുഖ്യമന്ത്രി തയ്യാറാകണമെന്ന് സിപിഎം വിമർശിച്ചു.
കേരളത്തിലെ സ്ഥിതിഗതികൾ ഗൗരവതരമായി തുടരുമ്പോഴും മാധ്യമങ്ങൾക്ക് മുന്നിലെത്താതെ ഓഫീസിൽ നിന്നുള്ള ബ്രീഫിംഗിലേക്ക് ഒതുങ്ങുന്ന മുഖ്യമന്ത്രിയുടെ നിലപാട് നിസ്സംഗത നിറഞ്ഞതാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ വിമർശിച്ചു. കേരള സർക്കാർ വാടകയ്ക്കെടുത്ത ഹെലികോപ്റ്റർ സ്വകാര്യ ആവശ്യങ്ങൾക്ക് ദുരുപയോഗം ചെയ്തുവെന്ന വിമർശനം ഗൗരവമുള്ളതാണെന്നും സിപിഎം ചൂണ്ടിക്കാട്ടി.
ജനം ദുരിതമനുഭവിക്കുമ്പോള്‍ വിരുന്നിൽ പങ്കെടുക്കുന്ന മുഖ്യമന്ത്രിക്കെതിരെ പൊതുസമൂഹത്തില്‍ കടുത്ത വിമര്‍ശത്തിന് ഇടയാക്കിയിട്ടുണ്ടെന്നും സിപിഎം കൂട്ടിച്ചേർത്തു. കൃത്യസമയത്ത് അലർട്ടുകൾ നൽകുന്നതിലും ദുരന്ത സാധ്യതയുള്ള മേഖലകളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കുന്നതിലും വലിയ അനാസ്ഥയാണ് സംഭവിച്ചിട്ടുള്ളതെന്നും സിപിഎം കുറ്റപ്പെടുത്തി.
ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കേണ്ട പ്രഥമ കടമ മറന്ന് മന്ത്രിമാർക്ക് ചുമതല നൽകി മാറിനിൽക്കാതെ ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മുഖ്യമന്ത്രി മുന്നിട്ടിറങ്ങണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയനും സിപിഎമ്മും ആവശ്യപ്പെട്ടു.






