തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പു തോൽവിയും മറ്റു സംഘടനാ വിഷയങ്ങളും ചർച്ച ചെയ്യാനായി സെപ്റ്റംബർ 13 മുതൽ 15 വരെ നടക്കുന്ന സി.പി.എം വിശാല സംസ്ഥാന സമിതി യോഗത്തിൽ അവതരിപ്പിക്കേണ്ട
രൂപരേഖയുടെ കരട് തയ്യാറാക്കാൻ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്നും നാളെയും ചേരും. 7,8 തീയതികളിൽ ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗം രൂപരേഖയ്ക്ക് അന്തിമ രൂപം നൽകും.
സിപിഎം നേതൃയോഗങ്ങൾ ഇന്ന് ആരംഭിക്കും ഇന്നും നാളെയും പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റും ഏഴ്, എട്ട് തീയതികളിൽ സിപിഎം സംസ്ഥാന സമിതിയും ചേരും. നാല്, അഞ്ച് തീയതികളിൽ സിപിഎം പോളിറ്റ് ബ്യൂറോ യോഗവും ചേരുന്നുണ്ട്.
തിരഞ്ഞെടുപ്പ് പരാജയത്തിനുള്ള കാരണങ്ങൾ രൂപരേഖയുടെ കരടിലുണ്ടാകില്ലെന്നാണ് സൂചന. താഴെത്തലം വരെ ചർച്ച ചെയ്ത ശേഷം തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട് സംസ്ഥാന കമ്മിറ്റി അംഗീകരിച്ചെന്നാണ് സംസ്ഥാന നേതൃത്വം ചൂണ്ടിക്കാട്ടുന്നത്.
വീഴ്ചകളും കാരണങ്ങളും അവലോകന റിപ്പോർട്ടിൽ എടുത്ത് പറഞ്ഞിട്ടുള്ളതാണ്. പാർട്ടിയെ മുന്നോട്ട് നയിക്കാനും തിരുത്തേണ്ട തെറ്റുകൾ കണ്ടെത്താനുമാണ് ശ്രമം. പലയിടത്തും സംഘടനാ ദുർബലമായെന്ന് സംസ്ഥാന കമ്മിറ്റി വിലയിരുത്തിയിട്ടുണ്ട്.
അതിനെ മറികടക്കാനും ജനങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ മാറാനുമുള്ള കർമ്മ പദ്ധതി തയ്യാറാക്കുകയാണ് ലക്ഷ്യം.
എന്നാൽ തിരഞ്ഞെടുപ്പ് പരാജയത്തിനിടയാക്കിയ കാര്യങ്ങളും സംസ്ഥാന നേതൃത്വത്തിന്റെ വീഴ്ചകളും വിശാല സമിതി ചർച്ച ചെയ്യണമെന്നാണ് നേതൃത്വത്തിലെ രണ്ടാം നിര നേതാക്കളുടെ നിലപാട്.






