തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പ്രിയദർശനി പദ്ധതി പ്രതീക്ഷിച്ചതിലും മികച്ച പ്രതികരണം നേടിയതായി ഗതാഗത മന്ത്രി സി.പി. ജോൺ പറഞ്ഞു. പദ്ധതി ആരംഭിച്ച ആദ്യ ഒരു മാസത്തിനുള്ളിൽ 3.81 കോടി യാത്രകൾ രേഖപ്പെടുത്തിയെന്നും, പ്രതിദിനം 12.1 ലക്ഷം സ്ത്രീകൾ പദ്ധതിയുടെ സേവനം ഉപയോഗിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. നിലവിൽ കെഎസ്ആർടിസി ബസുകളിൽ യാത്ര ചെയ്യുന്നവരിൽ മൂന്നിൽ രണ്ട് പേരും സ്ത്രീകളാണെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതിയോടുള്ള ജനപങ്കാളിത്തം വർധിച്ചതോടെ കൂടുതൽ ബസുകൾ സർവീസിനിറക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് മന്ത്രി അറിയിച്ചു. നിലവിൽ പ്രിയദർശനി ബസുകളുടെ കുറവ് അനുഭവപ്പെടുന്നുണ്ടെന്നും അത് പരിഹരിക്കാൻ സർക്കാർ തലത്തിൽ ചർച്ചകൾ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തിരക്കേറിയ സമയങ്ങളിൽ അമിത യാത്രക്കാരെ നിയന്ത്രിക്കാനും പ്രത്യേക ശ്രദ്ധ നൽകുമെന്നും കൂട്ടിച്ചേർത്തു.
പദ്ധതി പരിസ്ഥിതി സംരക്ഷണത്തിലും ഗുണകരമായ മാറ്റമുണ്ടാക്കിയതായി മന്ത്രി ചൂണ്ടിക്കാട്ടി. മുമ്പ് ആയിരം യാത്രക്കാർക്ക് ശരാശരി 504 കിലോഗ്രാം കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളപ്പെട്ടിരുന്നെങ്കിൽ, ഇപ്പോൾ അത് 404 കിലോഗ്രാമായി കുറഞ്ഞതായി അദ്ദേഹം വ്യക്തമാക്കി.
അതേസമയം വാഹനങ്ങളിൽ അനുമതിയുടെ പേരിൽ നടത്തുന്ന അനധികൃത മാറ്റങ്ങൾ അംഗീകരിക്കാനാകില്ലെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി. ബസുകളുടെ പുറത്ത് സ്പീക്കറുകൾ ഘടിപ്പിച്ച് ശബ്ദമലിനീകരണവും അപകടസാധ്യതയും സൃഷ്ടിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും, ഇത്തരം ഉപകരണങ്ങൾ ഉടൻ നീക്കം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിർദേശം പാലിക്കാത്ത വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി.
ലക്ഷ്വറി ബസുകൾ ഘട്ടംഘട്ടമായി സർവീസിനിറക്കുമെന്നും മന്ത്രി അറിയിച്ചു. പുതിയ ബസുകൾ വാങ്ങുന്നതിനേക്കാൾ നിലവിലുള്ള ബസുകൾ കാര്യക്ഷമമായി ഉപയോഗിക്കുന്ന നയമാണ് സർക്കാർ പിന്തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഓൺലൈൻ ടാക്സി മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളിലും സർക്കാർ അനുകൂല സമീപനമാണ് സ്വീകരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
വാഹന മേഖലയിലെ വലിയ നിക്ഷേപവും തൊഴിലവസരങ്ങളും കണക്കിലെടുത്ത് എല്ലാ വിഭാഗങ്ങളുമായും കൂടിയാലോചിച്ച് പ്രശ്നപരിഹാരത്തിനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.






