തിരുവനന്തപുരം: പാര്‍ട്ടിക്ക് സര്‍ക്കാരില്‍ നിയന്ത്രണം ഉണ്ടാകാതിരുന്നത് തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമായെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട്.
നേതാക്കള്‍ക്ക് പൊതുവേദികളില്‍ ജാഗ്രത കുറവ് ഉണ്ടായെന്നും വിമര്‍ശനം ഉണ്ട്. സിപിഐഎം കേന്ദ്രകമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട് പാര്‍ട്ടി വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു.
പാര്‍ട്ടി-സര്‍ക്കാര്‍ ഏകോപനം ഇല്ലാത്തതാണ് തോല്‍വിക്ക് കാരണം. നേതാക്കള്‍ക്ക് അഹങ്കാരം ആണെന്നും അഴിമതി നടത്തിയെന്നും വിമര്‍ശനം ഉയര്‍ന്നു. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഉചിതമായി തള്ളിപ്പറഞ്ഞില്ല. പിഎം ശ്രീയില്‍ എല്ലാ ഘടകക്ഷികളേയും വിശ്വാസത്തിലെടുക്കണമായിരുന്നു. ഭരണ വിരുദ്ധ വികാരം ഉണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പാര്‍ട്ടി വോട്ട് ഷെയര്‍ 2021 ല്‍ നിന്നും 2026ലേക്ക് എത്തിയപ്പോള്‍ 25.38 ശതമാനത്തില്‍ നിന്നും 21.77 ശതമാനമായി കുറഞ്ഞു. കോണ്‍ഗ്രസ് വോട്ട് ഷെയര്‍ 25.12 ശതമാനത്തില്‍ നിന്നും 28.79 ശതമാനമായി ഉയര്‍ത്തി. നാല്പത് വര്‍ഷത്തിനിടെയാണ് സിപിഐഎം വോട്ടില്‍ ഇത്തരമൊരു കുറവ് ഉണ്ടാവുന്നതെന്നും ഇത് ഗുരുതര ആശങ്ക ഉണ്ടാക്കുന്നതാണെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.
മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെയും പാര്‍ട്ടിയേയും ലക്ഷ്യമാക്കി യുഡിഎഫ് കളളം പ്രചരിപ്പിച്ചു. പാര്‍ട്ടിക്കെതിരെയും എല്‍ഡിഎഫിനെതിരേയും വലതുപക്ഷ ശക്തികളെ ഒരുമിപ്പിക്കാന്‍ അവര്‍ക്ക് സാധിച്ചു. ജമാഅത്തെ ഇസ്ലാമിയും വെല്‍ഫെയര്‍ പാര്‍ട്ടിയും പരസ്യമായി തന്നെ യുഡിഎഫിന് വേണ്ടി പ്രചാരണം നടത്തി. തെരഞ്ഞെടുപ്പിനിടെ ലോക്സഭാ പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കള്‍ സിപിഐഎമ്മിന്റെ രാഷ്ട്രീയ ധാര്‍മ്മികത ചോദ്യം ചെയ്യുന്ന വിദ്വേഷ പ്രചാരണം നടത്തി. എല്‍ഡിഎഫിനെ പരാജയപ്പെടുത്താന്‍ ബിജെപിയും കോണ്‍ഗ്രസുമാണ് പരസ്പരം സഹായിക്കുന്നതെന്നിരിക്കെ നമ്മള്‍ക്ക് ബിജെപിയുമായി ഡീല്‍ ഉണ്ടെന്ന് അവര്‍ പ്രചരിപ്പിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.






