ഡൽഹി: നാളെ തുടങ്ങുന്ന നിർണായക പാർലമെന്റ് സമ്മേളനത്തിൽ മണ്ഡല പുനർനിർണയ ബിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ പാസാകുമെന്ന ഉറച്ച വിശ്വാസത്തിൽ ബിജെപി.
ഡിഎംകെയും എൻസിപിയും വൈകാതെ എൻഡിഎ മുന്നണിയുടെ ഭാഗമായേക്കും. അടുത്ത മന്ത്രിസഭ പുനസംഘടനയിൽ ഇരു കൂട്ടരെയും പരിഗണിക്കും.
ഡിഎംകെയെ അനുനയിപ്പിക്കാൻ ഇന്ന് അവസാനവട്ട ശ്രമം നടത്താനാണ് ഇടത് പാർട്ടികളുടെ നീക്കം. അതേസമയം, വോട്ട് ചോർച്ച ഭയക്കുന്നുണ്ട് ഇന്ത്യാസഖ്യം.
അതേസമയം, മണ്ഡലപുനർ നിർണ്ണയ ബില്ലിൻമേലുള്ള ചർച്ചകൾക്ക് മുന്നോടിയായി പാർലമെൻ്റിലെ ഇരിപ്പിട ക്രമീകരണങ്ങളിൽ മാറ്റം വരുത്തി. ട്രഷറി ബഞ്ചിനോടടുത്ത് ഡിഎംകെ, എൻസിപി ശരദ്പവാർ വിഭാഗങ്ങൾക്കാണ് ഇരിപ്പിടം തയ്യാറാക്കിയിരിക്കുന്നത്.
ഡിഎംകെയുടെ 22 ഉം, എൻസിപിയുടെ 8 ഉം അംഗങ്ങളുടെ ഇരിപ്പിടങ്ങളിലാണ് മാറ്റം. നിർണ്ണായക നീക്കവുമായി ഡിഎംകെ രംഗത്തെത്തി. അമിത്ഷായെ നേരിൽ കണ്ട് ബില്ലിനുള്ള പിന്തുണയറിയിച്ചു.
കനിമൊഴിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അമിത് ഷായെ ഐക്യദാർഢ്യം അറിയിച്ചത്. അതിനിടെ, എൻസിപി എസ്പിക്കെതിരെ കോൺഗ്രസ് രംഗത്തെത്തി.
അധികാരക്കൊതി മൂത്തെന്നും, ശരദ്പവാർ പഴയതെല്ലാം മറന്നെന്നും മഹാരാഷ്ട്ര കോൺഗ്രസ് നേതൃത്വം പ്രതികരിച്ചു. മൂന്ന് ബില്ലുകളും ലോക്സഭയുടെ തിങ്കളാഴ്ചത്തെ കാര്യപരിപാടിയിൽ ഉൾപ്പെടുത്തി.
ബില്ലവതരണം ഒരു മാസത്തേക്ക് മാറ്റി വയ്ക്കണമെന്ന് പൗരാവകാശ പ്രവർത്തകർ ആവശ്യപ്പെട്ടു. ജനഹിത പരിശോധനക്ക് വിധേയമാക്കണമെന്നാവശ്യപ്പെട്ട് പാർലമെൻ്ററി കാര്യമന്ത്രി കിരൺ റിജിജുവിന് കത്ത് നൽകിയിട്ടുണ്ട്.






