ഗ്ളാസ്കോ : 23-ാമത് കോമൺവെൽത്ത് ഗെയിംസിന് ഇന്ന് സ്കോട്ട്ലാൻഡിലെ ഗ്ളാസ്ഗോയിൽ തുടക്കം.12 ദിവസം നീളുന്ന കായികോത്സവത്തിൽ 74 രാജ്യങ്ങളിൽ നിന്ന് 3000ത്തോളം താരങ്ങൾ 10കായിക ഇനങ്ങളിൽ മാറ്റുരയ്ക്കും.
ഇതേ വേദികളിൽ ആറ് കായിക ഇനങ്ങളിലായി പാരാ കോമൺവെൽത്ത് ഗെയിംസും നടക്കും. ഇന്ന് ഹൈഡ്രോ ഇൻഡോർ അരീനയിലാണ് ഉദ്ഘാടനച്ചടങ്ങുകൾ.
കഴിഞ്ഞ ഗെയിംസിലെ മത്സരയിനങ്ങൾ ഇത്തവണ പകുതിയായി വെട്ടിക്കുറച്ചിട്ടുണ്ട്. 2030ലെ ഗെയിംസിന് ഇന്ത്യയാണ് ആതിഥ്യം വഹിക്കുന്നത്.
ഓസ്ട്രേലിയയിലെ വിക്ടോറിയയിലാണ് ഇക്കുറി കോമൺവെൽത്ത് ഗെയിംസ് നടക്കേണ്ടിയിരുന്നത്. ചെലവ് താങ്ങാനാകില്ലെന്ന കാരണത്താൽ ഗെയിംസ് നടത്തിപ്പിൽനിന്ന് പിൻമാറുന്നതായി ഓസ്ട്രേലിയ കഴിഞ്ഞവർഷം പ്രഖ്യാപിച്ചതോടെ സ്കോട്ലൻഡ് ആതിഥേയത്വം ഏറ്റെടുക്കുകയായിരുന്നു.
2014-ലും ഗ്ലാസ്ഗോയിലാണ് മീറ്റ് നടന്നത്. 1970, 1986 വർഷങ്ങളിലും ഈ നഗരം ഗെയിംസിന് ആതിഥ്യംവഹിച്ചു. പഴയ സ്റ്റേഡിയങ്ങളും മറ്റു സൗകര്യങ്ങളും ഉപയോഗപ്പെടുത്തി പരമാവധി ചെലവുകുറച്ച് മത്സരം നടത്താനാണ് തീരുമാനം.
അതുകൊണ്ട് ഗെയിംസ് വില്ലേജും ഉണ്ടാകില്ല. സമീപത്തെ ഹോട്ടലുകളിലാണ് താരങ്ങൾക്ക് താമസസൗകര്യം ഏർപ്പാടാക്കിയിരിക്കുന്നത്. 2030-ലെ മീറ്റ് നടക്കുന്നത് ഇന്ത്യയിലെ അഹമ്മദാബാദിലായിരിക്കും






