ആരോഗ്യകരമായ കോശങ്ങള്‍ നിർമ്മിക്കാൻ ശരീരത്തിന് കൊളസ്ട്രോള്‍ ആവശ്യമാണ്.
രക്തത്തില്‍ കാണപ്പെടുന്ന മെഴുക് പോലുള്ള ഒരു പദാർത്ഥമാണ് കൊളസ്ട്രോള്‍. ആരോഗ്യകരമായ കോശങ്ങള്‍ നിർമ്മിക്കാൻ ശരീരത്തിന് കൊളസ്ട്രോള്‍ ആവശ്യമാണ്. എന്നാല്‍ കൊളസ്ട്രോളിന്റെ അളവ് കൂടുന്നത് ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കും. അധിക കൊളസ്ട്രോള്‍'പ്ലാക്ക്' ആയി അടിഞ്ഞുകൂടി ധമനികളെ തടസ്സപ്പെടുത്താൻ കാരണമായേക്കാം.
മതിയായ വ്യായാമമില്ലായ്മ, സമീകൃതാഹാരം കഴിക്കാതിരിക്കുക, പൂരിത കൊഴുപ്പ് (saturated fat) അടങ്ങിയ ഭക്ഷണങ്ങള്‍ അമിതമായി കഴിക്കുക തുടങ്ങിയ കാരണങ്ങള്‍ മൂലമാണ് പലപ്പോഴും ഉയർന്ന കൊളസ്ട്രോള്‍ ഉണ്ടാകുന്നത്. ആരോഗ്യകരമായ ഭക്ഷണക്രമം, കൃത്യമായ വ്യായാമം, ചിലപ്പോള്‍ മരുന്നുകള്‍ എന്നിവയിലൂടെ ഉയർന്ന കൊളസ്ട്രോ കുറയ്ക്കാൻ സാധിക്കും. ഉയർന്ന കൊളസ്ട്രോളിന്റെ ചില പ്രധാനപ്പെട്ട ലക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.
നെഞ്ചില്‍ അനുഭവപ്പെടുന്ന മുറുക്കം, സമ്മർദ്ദം അല്ലെങ്കില്‍ ഞെരുക്കം എന്നിവയാണ് ആദ്യത്തെ ലക്ഷണം. പലപ്പോഴും ശാരീരിക അധ്വാനമോ മാനസിക സമ്മർദ്ദമോ മൂലമാണ് ഇത് ഉണ്ടാകുന്നത്. ഉയർന്ന കൊളസ്ട്രോള്‍ സാധാരണയായി നേരിട്ട് നെഞ്ചുവേദന ഉണ്ടാക്കാറില്ല. എന്നാല്‍, ഇത് ധമനികളില്‍ 'പ്ലാക്ക്' (plaque) അടിഞ്ഞുകൂടുന്നതിനും, അതുവഴി 'അഥെറോസ്ക്ലിറോസിസ്' (atherosclerosis) എന്ന അപകടകരമായ അവസ്ഥയ്ക്കും കാരണമായേക്കാം.
ശ്വാസമുട്ടലാണ് മറ്റൊരു ലക്ഷണം. പ്രത്യേകിച്ച് ശാരീരിക അധ്വാനവേളകളില്‍ ശ്വസിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതാണ് മറ്റൊരു ലക്ഷണം. രക്തക്കുഴലുകള്‍ ഇടുങ്ങിയതിനാല്‍ അവയിലൂടെ രക്തം പമ്പ് ചെയ്യാൻ ഹൃദയം കൂടുതല്‍ കഠിനമായി പ്രവർത്തിക്കേണ്ടിവരുന്നതാണ് ഇതിന് കാരണം.
കാലിലെ വേദനയാണ് കൊളസ്ട്രോള്‍ കൂടിയാലുള്ള മറ്റൊരു ലക്ഷണം.: അവയവങ്ങളിലേക്കുള്ള രക്തയോട്ടം കുറയുന്നത് മൂലം, ശാരീരിക പ്രവർത്തനങ്ങള്‍ക്കിടയില്‍ കാലുകളിലോ കണങ്കാലിലോ ഉണ്ടാകുന്ന പേശീവലിവ്, വേദന അല്ലെങ്കില്‍ അസ്വസ്ഥത നിസാരമായി കാണരുത്.
മരവിപ്പും തരിപ്പും: രക്തയോട്ടം കുറയുന്നത് മൂലം കൈകള്‍, കൈത്തണ്ടകള്‍, പാദങ്ങള്‍ അല്ലെങ്കില്‍ കാലുകള്‍ എന്നിവയില്‍ അനുഭവപ്പെടുന്ന മരവിപ്പ് അല്ലെങ്കില്‍ തരിപ്പാണ് കൊളസ്ട്രോള്‍ കൂടിയാല്‍ ഉണ്ടാകാവുന്ന മറ്റൊരു ലക്ഷണം.
അവയവങ്ങള്‍ക്കും പേശികള്‍ക്കും ഓക്സിജൻ സമ്പുഷ്ടമായ രക്തം കുറഞ്ഞ അളവില്‍ ലഭിക്കുന്നതുമൂലം ഉണ്ടാകുന്ന വിട്ടുമാറാത്ത ക്ഷീണമോ ബലഹീനതയോ കൊളസ്ട്രോള്‍ കൂടിയതിന്റെ ലക്ഷണമാകാം.






