തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ കോളേജുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി 45.68 കോടി രൂപ അനുവദിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ്. കോളേജുകളുടെ ഭൗതിക, ഐ.ടി. സൗകര്യങ്ങളുടെ വികസനം, പരിപാലനം, അക്കാദമിക നിലവാരം ഉയർത്തൽ തുടങ്ങിയ പ്രവർത്തനങ്ങൾക്കായാണ് 45,68,11,037 രൂപ അനുവദിച്ചത്. സർക്കാർ കോളേജുകളിലെ വിവിധ വികസന പദ്ധതികൾക്കായി തുക വിനിയോഗിക്കും. പുതിയ കെട്ടിടങ്ങൾ, അക്കാദമിക് ബ്ലോക്കുകൾ, ഭരണനിർവഹണ കേന്ദ്രങ്ങൾ, ലൈബ്രറി, റിസർച്ച് ബ്ലോക്ക്, ഹോസ്റ്റൽ, മെസ്, ഐ.ടി. സൗകര്യങ്ങൾ തുടങ്ങിയവ ഇതിന്റെ ഭാഗമായി യാഥാർഥ്യമാക്കും. എറണാകുളം പറവൂർ കേസരി ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ പുതിയ ഭരണനിർവഹണ കേന്ദ്രം നിർമിക്കുന്നതിന് 13.48 കോടി രൂപയാണ് അനുവദിച്ചത്. മഹാരാജാസ് കോളേജിലെ ഹോസ്റ്റൽ, മെസ് കെട്ടിടങ്ങൾക്കായി 5.60 കോടിയും കാര്യവട്ടം ഗവൺമെന്റ് കോളേജിലെ ലൈബ്രറി, റിസർച്ച് ബ്ലോക്ക് എന്നിവയ്ക്കായി 4.81 കോടിയും അനുവദിച്ചു.
ഗവൺമെന്റ് ബ്രണ്ണൻ കോളേജ് ഓഫ് ടീച്ചേഴ്സ് എഡ്യൂക്കേഷന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് 2.42 കോടിയും ഗവൺമെന്റ് കോളേജ് മൂന്നാറിലെ ചുറ്റുമതിൽ നിർമാണത്തിന് 1.98 കോടിയും അനുവദിച്ചിട്ടുണ്ട്. വടകര മടപ്പള്ളി ഗവൺമെന്റ് കോളേജിലെ പുതിയ ആർട്സ് ബ്ലോക്കിനായി 1.34 കോടിയും കരുനാഗപ്പള്ളി ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ അക്കാദമിക് ബ്ലോക്ക്, ചുറ്റുമതിൽ നിർമാണത്തിനായി 1.29 കോടിയും വകയിരുത്തി. കെകെടിഎം ഗവൺമെന്റ് കോളേജിന് 1.27 കോടിയും എളേരിത്തട്ട് ഇ.കെ.എൻ.എം കോളേജിന് 99.68 ലക്ഷവും തോളന്നൂർ ഗവൺമെന്റ് കോളേജിന് 98.35 ലക്ഷവും ഉൾപ്പെടെയാണ് വിവിധ പദ്ധതികൾക്കായി തുക അനുവദിച്ചിരിക്കുന്നത്.
സർക്കാർ കോളേജുകളെ കൂടുതൽ വിദ്യാർഥിസൗഹൃദവും ആകർഷകവുമായ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളാക്കി മാറ്റുകയാണ് പദ്ധതികളുടെ ലക്ഷ്യമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ പറഞ്ഞു. മികച്ച പഠനാന്തരീക്ഷം ഒരുക്കുന്നതിനൊപ്പം ഗവേഷണ-നവീകരണ സാധ്യതകൾ വർധിപ്പിക്കാനും അധ്യാപന-പഠന നിലവാരം മെച്ചപ്പെടുത്താനും പദ്ധതികൾ സഹായിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. പദ്ധതികളുടെ നിർവഹണത്തിൽ കാലതാമസം ഒഴിവാക്കി തുടർനടപടികൾ വേഗത്തിൽ പൂർത്തിയാക്കി നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ കോളേജ് വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. സർക്കാർ കോളേജുകളുടെ സമഗ്ര വികസനത്തിലൂടെ സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ തുടരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.






