തിരുവനന്തപുരം: ചേന്തിയില്‍ കോണ്‍ഗ്രസ് ജില്ലാ നേതാവ് സംഘടിപ്പിച്ച ചതയ ദിന പരിപാടിയില്‍ പങ്കെടുക്കാത്തതില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞു നിർത്തിയ സംഭവത്തില്‍ കേസെടുത്ത് പൊലീസ്.
ചെന്തഴന്തി ശ്രീനാരായണ ഗുരുകുലത്തിലെ ചതയദിന പരിപാടിയില്‍ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് ചേന്തിയില്‍ വച്ച് വി ഡി സതീശൻ സഞ്ചരിച്ച വാഹനം തടഞ്ഞത്. കോണ്‍ഗ്രസ് ജില്ലാ നേതാവായ ചേന്തി അനിയുടെ നേതൃത്വത്തിലായിരുന്നു വണ്ടി കൈകാണിച്ച് നിർത്തിയത്. മുഖ്യമന്ത്രിയെ തടഞ്ഞ സംഭവത്തില്‍ ശ്രീകാര്യം പൊലീസ് ആണ് കേസെടുത്തത്. ഡി സി സി അംഗം ചേന്തി അനിലിനെയടക്കം പ്രതിയാക്കി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക ജോലി തടസ്സപ്പെടുത്തല്‍, അന്യയമായി തടഞ്ഞുവെക്കല്‍, അപമാര്യാദയായിപെരുമാറല്‍, ഗതാഗതം തടസ്സപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
ചേന്തിയില്‍ ഇന്ന് വൈകുന്നേരം നടന്ന പരിപാടി ഉദ്ഘാടനം ചെയ്യാൻ മുഖ്യമന്ത്രി സമയം നല്‍കിയിരുന്നുവെങ്കിലും പിന്നീട് പിൻമാറിയിരുന്നു. ക്രിമിനല്‍ പശ്ചാത്തലമുള്ള ചിലർ ഉദ്ഘാടന വേദിയിലുണ്ടാകുമെന്ന സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി പിൻമാറിയത്. 7.30 നുള്ള ട്രെയിനില്‍ കൊച്ചിയിലേക്ക് പോകേണ്ട തിരക്കുള്ളതിനാലാണ് പരിപാടി റദ്ദാക്കിയതെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. ചേന്തിയില്‍ വാഹനം തടഞ്ഞതോടെ പുറത്തിറങ്ങിയ വി ഡി സതീശൻ സംഘാടകരോട് സംസാരിച്ച ശേഷമാണ് കാറില്‍ കയറി മുന്നോട്ടുപോയത്.






