പറവൂർ: എറണാകുളവും പറവൂരും തമ്മിലുള്ള ദൂരം 20 മിനിറ്റിലേക്ക് ചുരുക്കുന്ന ആമ്പത്തോട് പാലം പുനർ നിർമാണം വേഗത്തില്‍ പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ.
ആമ്പത്തോട് പാലത്തിന്റെ പുനർനിർമ്മാണത്തോടെ വിരാമമാകുന്നത് എഴിക്കര പ്രദേശവാസികളുടെ വർഷങ്ങളായുള്ള കാത്തിരിപ്പാണ്. പാലത്തിന്റെ നിർമാണ പ്രവൃത്തി വേഗത്തില്‍ പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. പാലത്തിന്റെ പുനർനിർമ്മാണ പ്രവർത്തനം അദ്ദേഹം ഉദ്ഘാടനം ചെയ്തു. 2023-2024 വർഷത്തെ സംസ്ഥാന ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തി 4.69 കോടി അടങ്കല്‍ തുക ചെലവഴിച്ചാണ് പാലം നിർമിക്കുന്നത്.
പത്ത് വർഷം മുൻപ് പദ്ധതിക്കായി തുക അനുവദിച്ചിരുന്നെങ്കിലും കരാറെടുക്കാൻ ആളില്ലാതിരുന്നതിനാലും സാങ്കേതിക തടസ്സങ്ങളാലും നിർമ്മാണം മുടങ്ങിപ്പോവുകയായിരുന്നു. എന്നാല്‍ പിന്നീട് നിരന്തര ശ്രമ ഫലമായി ഭരണാനുമതിയും സാങ്കേതിക അനുമതിയും ലഭ്യമാക്കി. ഇതിനു പിന്നാലെ ടെണ്ടർ നടപടികള്‍ പൂർത്തിയാക്കിയാണ് നിലവില്‍ നിർമ്മാണം ആരംഭിച്ചിരിക്കുന്നത്. നിശ്ചിത സമയപരിധിക്കുള്ളില്‍ തന്നെ നിർമ്മാണം ഉത്തരവാദിത്തത്തോടെ പൂർത്തിയാക്കുമെന്ന് കരാറുകാർ ഉറപ്പുനല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
പറവൂരില്‍ നിന്നും വെറും 20 മിനിറ്റുകൊണ്ട് എറണാകുളത്തെത്താൻ സഹായിക്കുന്ന യാത്രാസൗകര്യമെന്ന നാടിന്റെ വലിയ സ്വപ്നം വൈകാതെ യാഥാർത്ഥ്യമാകും. ചെയർമാൻ എന്ന എന്ന നിലയില്‍ ജിഡയുടെ ആദ്യ യോഗത്തില്‍ ഇതിനായുള്ള പുതിയ പാലത്തിന്റെയും റോഡിന്റെയും നിർമ്മാണ അനുമതി ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചെറായി മുതല്‍ ചാത്തനാട് വഴി കടമക്കുടി വരെയുള്ള തീരദേശ റോഡ് പൂർത്തിയാക്കും. ഇതോടെ എഴിക്കരയെ ഒരു മികച്ച ടൂറിസം കേന്ദ്രമാക്കി മാറ്റാൻ സാധിക്കും. കയാക്കിങ്, റിവർ ക്രൂയിസ്, വാട്ടർ സ്പോർട്സ് എന്നിവ ഉള്‍പ്പെടുത്തി മുസിരിസ് ടൂറിസത്തിന്റെ ഭാഗമായി ഈ മേഖലയെ വികസിപ്പിക്കും. നിലവില്‍ റിസോർട്ടുകള്‍ വന്നു തുടങ്ങിയിട്ടുണ്ടെന്നും പുതിയ റോഡ് വരുന്നതോടെ കൂടുതല്‍ വികസനവും തൊഴിലവസരങ്ങളും ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ സാമ്പത്തിക വർഷം തന്നെ മണ്ഡലത്തില്‍ ആറ് പ്രധാന പാലങ്ങളുടെ നിർമ്മാണ ഉദ്ഘാടനം നടത്താനാണ് ലക്ഷ്യമിടുന്നത്. ചേന്ദമംഗലത്തെ മാട്ടുപുറം പാലം, പുത്തൻവേലിക്കരയിലെ കോഴിത്തുരുത്ത് പാലം, കണക്കൻകടവ് പാലം, ചെമ്മായം കോട്ടുവള്ളി പാലം എന്നിവയുടെ നിർമ്മാണ പ്രവർത്തനങ്ങള്‍ വരും മാസങ്ങളില്‍ ആരംഭിക്കും. ഇതിനുപുറമെ തത്തപ്പള്ളി- കോട്ടുവള്ളി പാലത്തിന്റെ നിർമ്മാണം പൂർത്തിയായി വരുന്നതായും അപ്രോച്ച് റോഡ് പണി കഴിഞ്ഞാലുടൻ ഉദ്ഘാടനം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
ചാത്തനാട് കായല്‍ ആഴം കൂട്ടുന്നതിനായി ഡ്രഡ്ജിംഗ് നടത്തണമെന്നത് പ്രദേശത്തെ മത്സ്യത്തൊഴിലാളികളുടെ ആവശ്യമാണ്. ഇത് എത്രയും വേഗം പൂർത്തിയാക്കുമെന്നും നാടിന്റെ വികസനത്തിനായി എല്ലാവരുടെയും സഹകരണം വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.






