ഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തില്‍ തുടർ സമരപരിപാടികള്‍ സംബന്ധിച്ച് സിജെപി നേതാക്കള്‍ കൂടിയാലോചന തുടരുന്നു.
അതിനിടെ, ഗ്യാനേഷിന്റെ രാജി ആവശ്യപ്പെട്ട് നംവബർ ഒന്നിന് ഡൽഹി രാം ലീല മൈതാനിയില്‍ നടക്കുന്ന മെഗാ റാലിയിലേക്ക് സിജെപി നേതാക്കളെ ക്ഷണിക്കണമെന്ന് ഇന്ത്യ സഖ്യത്തില്‍ അഭിപ്രായം ഉയര്‍ന്നു. ഇടത് നേതാക്കള്‍ അടക്കം ഈ നിർദ്ദേശം മുന്നോട്ട് വെച്ചേക്കും.
അതേസമയം, പീസ് ബോണ്ട് ഒപ്പിടണമെന്ന സ്പെഷല്‍ എക്സിക്യുട്ടീവ് മജിസ്ട്രേറ്റ് നോട്ടീസിനെതിരെ ഐസ നേതാവ് നേഹ ബോറ നല്കിയ ഹർജി ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും
ഇന്നലെ ജന്തർ മന്തറില്‍ പ്രതിഷേധിക്കില്ല എന്ന് ഉറപ്പ് നല്കി മാപ്പ് പറഞ്ഞാണ് സിജെപി നേതാക്കളായ അശുതോഷും സൗരവും പുറത്തിറങ്ങിയത്. 7 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം ഇന്നലെയാണ് അശുതോഷ് റാങ്കയും സൗരവ് ദാസും തിഹാർ ജയിലില്‍ നിന്നും പുറത്തിറങ്ങിയത്.
സിജെപി നേതാക്കളുടെ നടപടിയിലും വ്യവസ്ഥകള്‍ ലംഘിച്ചതിലും സ്പെഷല്‍ മജിസ്ട്രേറ്റ് കോടതിയിലും, ഡൽഹി ഹൈക്കോടതിയിലും കനത്ത തിരിച്ചടിയാണ് സിജെപിക്കേറ്റത്.
കൂടാതെ ജന്തർ മന്തറില്‍ പ്രതിഷേധിക്കില്ലെന്നും പ്രതിഷേധത്തിന് ആഹ്വാനം ചെയ്യില്ലെന്നും ഇരുവരും കോടതിയില്‍ ഉറപ്പ് നല്കി മാപ്പ് പറഞ്ഞാണ് പുറത്തിറങ്ങിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ സിജെപിയുടെ തുടർ നീക്കങ്ങള്‍ നിർണയാകമാണ്. ജന്തർ മന്തറല്ലാതെ മറ്റൊരു വേദി കണ്ടെത്തി സിജെപി പ്രതിഷേധം തുടരുമോ എന്നതാണ് ആകാംഷ.
എന്തായാലും തുടർ സമരങ്ങള്‍ സംബന്ധിച്ച് കൂടിയാലോചനകള്‍ തുടരുകയാണെന്നാണ് സിജെപി നേതാക്കള്‍ പറയുന്നത്.






