ന്യൂഡല്‍ഹി : സിജെപി സമരത്തിന് മുന്നില്‍ വീണ്ടും മുട്ട് മടക്കി ഡല്‍ഹി പൊലീസ്. ദളിത് പെണ്‍കുട്ടിയുടെ പിതാവിനെ മര്‍ദ്ദിച്ചതില്‍ ബിജെപി പ്രവര്ത്തകന് സ്വതന്ത്ര ഭരദ്വാജിനെ 72 മണിക്കൂറിനുള്ളില്‍ കസ്റ്റഡിയിലെടുക്കും എന്ന് പൊലീസ് ഉറപ്പ് നല്കി. നിലവിലെ എഫ്ഐആറില്‍ ഗുരുതരമായ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുമെന്നും പൊലീസ് ഉറപ്പ് നല്‍കിയിട്ടുണ്ട്.
വധശ്രമം അടക്കമുള്ള വകുപ്പുകളാണ് ഭരദ്വാജിനെതിരെ ചുമത്തുക. തത്കാലം പിരിയുന്നെന്നും വൈകീട്ടെത്തി തുടര്‍ നടപടികള്‍ പരിശോധിക്കുമെന്നും സിജെപി നേതാക്കള്‍ അറിയിച്ചു. നേരത്തെ പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധവുമായി സിജെപി രംഗത്തെത്തിയിരുന്നു. സിജെപി പ്രക്ഷോഭകയുടെ പിതാവിന്റെ തല അടിച്ചു പൊട്ടിച്ചെന്ന വെളിപ്പെടുത്തലിൽ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. അശുതോഷ് റങ്ക, സൗരവ് ദാസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം. നൂറുകണക്കിന് പ്രവർത്തകരാണ് സ്റ്റേഷൻ ഉപരോധിക്കുന്നത്.
ജന്തര്‍ മന്തറിന് സമാനമായ പ്രതിഷേധം സംഘടിപ്പിക്കാനായിരുന്നു സിജെപിയുടെ നീക്കം. രണ്ടര മണിക്കൂറാണ് പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് മുന്നില്‍ സിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധമുണ്ടായത്. സ്വതന്ത്ര ഭരദ്വാജിനെ അറസ്റ്റ് ചെയ്യണമെന്നും കൂടുതല്‍ വകുപ്പുകള്‍ ചുമത്തണമെന്നുമായിരുന്നു ആവശ്യം. കഴിഞ്ഞ ദിവസം സ്വതന്ത്ര ഭരദ്വാജ് പോഡ്കാസ്റ്റില്‍ പറഞ്ഞ കാര്യങ്ങള്‍ അന്വേഷിച്ച് മറ്റ് വകുപ്പുകള്‍ കൂടി ഉള്‍പ്പെടുത്തുമെന്നും പൊലീസ് ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇന്ന് തന്നെ ഭരദ്വാജിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം നടത്തുമെന്നാണ് പൊലീസ് പറയുന്നത്.






