ന്യൂഡൽഹി: സിജെപിയുടെ നേതൃത്വത്തിൽ ജന്തർ മന്തറിൽ നടന്ന സമരം അവസാനിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ നൽകിയ ഉറപ്പുകൾ പാലിച്ചില്ലെന്ന് ആരോപിച്ച് കേന്ദ്ര സർക്കാരിനെതിരെ വീണ്ടും സമരത്തിനൊരുങ്ങി സിജെപി.
ജന്തർ മന്തർ സമരവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കാത്തതിൽ പ്രതിഷേധിച്ച് സെപ്തംബര് 5ന് ഡൽഹി പൊലീസ് ആസ്ഥാനത്തേക്ക് മാർച്ച് നടത്തുമെന്ന് സിജെപി അറിയിച്ചു. ഇന്ത്യാ ഗേറ്റിൽ നിന്നായിരിക്കും മാർച്ച് ആരംഭിക്കുക.
ജന്തർ മന്തറിൽ പ്രതിഷേധം അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാർ നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ വീഴ്ച വന്നതിനു പിന്നാലെയാണ് പുതിയ സമരപ്രഖ്യാപനം. നഷ്ടപരിഹാരം നൽകുമെന്നതടക്കമുള്ള സർക്കാർ പരസ്യമായി നൽകിയ ഉറപ്പുകൾ പാലിക്കപ്പെടാത്തതിൽ സിജെപി ശക്തമായ ആശങ്ക രേഖപ്പെടുത്തി.
മാർച്ചിൽ പൊലീസ് അതിക്രമത്തിൽ പരിക്കേറ്റ വിദ്യാർത്ഥികളും ജീവനൊടുക്കിയ വിദ്യാർഥികളുടെ കുടുംബാംഗങ്ങളും പങ്കെടുക്കുമെന്ന് സംഘടന അറിയിച്ചു.
രാജ്യത്തെ വിദ്യാർത്ഥികളും യുവാക്കളും സംഘടനയെ പിന്തുണക്കുന്നവരും സമരത്തിനായി തയ്യാറാകണമെന്നും സിജെപി ആഹ്വാനം ചെയ്തു. സമരവേദിയെ വീണ്ടും ജന്തർ മന്തറാക്കാനുള്ള ഒരുക്കങ്ങൾ നടത്തണമെന്നും നിർദേശമുണ്ട്.
“ഞങ്ങളുടെ ക്ഷമയെ രാജ്യത്തെ യുവാക്കളെ വഞ്ചിക്കാനുള്ള അവസരമായി മാറ്റരുത്” എന്ന മുന്നറിയിപ്പും സിജെപി കേന്ദ്ര സർക്കാരിന് നൽകി.
ഇന്ത്യയിലെ യുവജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പൂർണമായും പാലിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
പ്രതിഷേധക്കാർക്കെതിരായ എഫ്ഐആറുകളുടെ പട്ടിക സമർപ്പിക്കാൻ സുപ്രീം കോടതി മൂന്ന് തവണ ആവശ്യപ്പെട്ടിട്ടും കേന്ദ്ര സർക്കാർ പട്ടിക നൽകിയില്ലെന്നും സിജെപി ആരോപിച്ചു.
അതേസമയം, സ്കൂളുകളിൽ നടപ്പാക്കിയ വികസന പദ്ധതികളുടെ വിശദാംശങ്ങൾ വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ മന്ത്രിമാർക്ക് അഭിജിത് ദീപ്കെ കത്തയച്ചതായും സിജെപി അറിയിച്ചു.
കേന്ദ്ര സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കാത്തതിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയ സിജെപി, വാഗ്ദാനങ്ങൾ നടപ്പാക്കുന്നതുവരെ പോരാട്ടം തുടരുമെന്നും വ്യക്തമാക്കി






