തിരുവനന്തപുരം: ചാലയിലെ സ്വർണക്കവർച്ചയില്‍ പ്രതികളെ പിടികൂടിയതിനെക്കുറിച്ച് പ്രതികരിച്ച് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ അരുള്‍ ബി കൃഷ്ണ.
ഒരു വാഹനവും നാലുപേരുമാണ് കസ്റ്റഡിയിലായതെന്നും ഒരാള്‍ ഓടി രക്ഷപ്പെട്ടുവെന്നും കമ്മീഷണര്‍ അറിയിച്ചു. അനില്‍, ആൻ്റണി, അനൂപ് എന്നിവരാണ് പിടിയിലായത്. വയനാട് പടിഞ്ഞാറേത്തറയില്‍ നിന്നാണ് പ്രതികള്‍ പിടിയിലായത്. വാഹനം വിശദമായി പരിശോധിച്ചു വരുന്നുവെന്നും കമ്മീഷണർ വ്യക്തമാക്കി.
പ്രതികളില്‍ നിന്ന് ഒരു ബാർ ഗോള്‍ഡ് ആണ് ലഭിച്ചത്. കസ്റ്റഡിയില്‍ ആറ് പേരാണ് ഉള്ളത്. വയനാട് ആറുപേരാണ് കസ്റ്റഡിയിലുള്ളത്. ഫോർട്ട് പൊലീസ് സ്റ്റേഷനില്‍ ഉള്ളത് സംശയത്തെ തുടർന്ന് ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയ ആളാണ്. സ്വർണം പൊട്ടിക്കല്‍ സംഘവുമായി പ്രതികള്‍ക്ക് ബന്ധം ഉണ്ടോ എന്ന് വിശദമായി ചോദ്യംചെയ്താലേ പറയാനാകൂ എന്നും അദ്ദേഹം അറിയിച്ചു.
അനില്‍ എന്ന ആളുടെ വണ്ടിയാണ് പിടികൂടിയിട്ടുള്ളത്. തിരുവനന്തപുരത്തുനിന്ന് പിടിയിലായവർ സംശയനിഴലിലാണ്. കൂടുതല്‍ പ്രതികള്‍ ഉണ്ടായേക്കാം. സ്ഥാപനവുമായി പരിചയമുള്ള ആളുകളാണ് സംശയ പട്ടികയില്‍ ഉള്ളത് പിടിലായവർ. പിടിയിലായ അനില്‍ തിരുവനന്തപുരം സ്വദേശി ആണെങ്കിലും ഇപ്പൊള്‍ എറണാകുളത്താണെന്നും കമ്മീഷണര്‍ വിശദമാക്കി.
ഇക്കഴിഞ്ഞ 12-ാം തീയതി രാത്രിയിലാണ് ചാലയില്‍ പ്രവർത്തിക്കുന്ന വൈഷ്ണവി ജ്വല്ലറി ഉടമ നന്ദകുമാറിൻ്റെ പക്കല്‍ നിന്ന് സ്വർണം കവർന്നത്. രാത്രി ജ്വല്ലറി അടച്ചശേഷം സ്വർണവുമായി സ്കൂട്ടറില്‍ വീട്ടിലേക്ക് പോകുന്നതിനിടെ ഇരുചക്ര വാഹനത്തിലെത്തിയ രണ്ടംഗ സംഘം സ്വർണം തട്ടിയെടുത്ത് കടന്നുകളയുകയായിരുന്നു. സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നതിനിടെ ആണ് കാറില്‍ കർണാടകത്തിലേക്ക് കടക്കാൻ ശ്രമിക്കവെ പ്രതികളെ പൊലീസ് പിടികൂടിയത്.






